ന്യൂഡൽഹി: തൂക്കിലേറ്റുന്നതിന് മുൻപുള്ള രാത്രി ഉറങ്ങാനാവാതെ നിർഭയ പ്രതികൾ.
രാത്രി മുഴുവനും അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), വിനയ് ശർമ (26), മുകേഷ് സിംഗ് (32) എന്നിവർ ഉറങ്ങാനാവാതെ മരണ ശിക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നെന്ന് ഡൽഹി തിഹാർ ജയിൽ അധികൃതർ പറയുന്നു.
ഇവരെ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ 5.30 ന് ആണ് തൂക്കിലേറ്റിയത്. മരണത്തിനു തൊട്ടുമുൻപുള്ള ഏതാനും മണിക്കൂറുകൾ നാല് പ്രതികളും വെവ്വേറെ മുറികളിൽ ഐസലേഷനിൽ കഴിയുകയായിരുന്നു. തിഹാർ ജയിൽ മൂന്നിലെ വ്യത്യസ്ത സെല്ലുകളിലാണ് ഇവർ കഴിഞ്ഞത്.
പ്രതികൾ അന്ത്യാഭിലാഷങ്ങളൊന്നും അറിയിച്ചില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. കോടതിയിൽനിന്നുള്ള അവസാന ശ്രമവും വിഫലമായതോടെ പുലർച്ചെ 3.30 ഓടെ പ്രതികളെല്ലാവരും വധശിക്ഷയ്ക്കു തയാറെടുത്തു. നാലുപേരും അവസാന ഭക്ഷണം നിരസിച്ചു.
ജയിൽ അധികൃതർ ആവശ്യപ്പെട്ടിട്ടും കുളിക്കാനും ഇവർ തയാറായില്ല. ജയിൽ ഡോക്ടർ എത്തി ആരോഗ്യപരിശോധന നടത്തിയ ശേഷം ഇവരെ കഴുമരത്തിലേക്ക് നടത്തി.
അഞ്ച് പേർ മാത്രമാണ് വധശിക്ഷയ്ക്കു സാക്ഷികളായത്. ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി ജയിൽ സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ, ജില്ലാ മജിസ്ട്രേറ്റ്, ജയിൽ ഉദ്യോഗസ്ഥൻ എന്നിവരാണ് മരണത്തിനു സാക്ഷികളായുണ്ടായിരുന്നത്.
ആരാച്ചാർ പവൻ ജല്ലാദ് ആണ് തൂക്കിക്കൊല നിർവഹിച്ചത്. പ്രതികളിൽ പവൻ, വിനയ്, മുകേഷ് എന്നിവർ ജയിലിൽ ജോലി ചെയ്തിരുന്നു.
ഇതിനു ലഭിച്ചിരുന്ന വരുമാനം ഇവരുടെ കുടുംബത്തിന് കൈമാറി. എന്നാൽ അക്ഷയ് താക്കൂർ ജയിലിൽ ജോലി ചെയ്യാൻ തയാറായിരുന്നില്ല. പ്രതികൾ എല്ലാവരുടേയും വസ്തുക്കൾ അവരവരുടെ കുടുംബത്തിന് ജയിൽ അധികൃതർ കൈമാറി.
തൂക്കിലേറ്റുന്നതിനു മുൻപ് മുകേഷ് ജയിൽ അധികൃതരോട് രക്ഷയ്ക്കായി അപേക്ഷിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. വിനയ് നേരത്തെ തല ജയിൽ സെല്ലിലെ ഭിത്തിയിൽ ഇടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
ജയിൽ ചട്ടങ്ങൾ അനുസരിച്ച് 30 മിനിറ്റ് നേരമാണ് ഇവരുടെ ശരീരങ്ങൾ കഴുമരത്തിൽ തൂക്കിയത്. ഇതിനു ശേഷം മരണം ഡോക്ടർ സ്ഥിരീകരിച്ച് മൃതദേഹങ്ങൾ കഴുമരത്തിൽനിന്നും ഇറക്കി. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാദ്യായ ആശുപത്രിയിലേക്ക് മാറ്റി.