‘മരണത്തോളം കൂടെപ്പോരുന്ന ഒരു വേദന എന്റെയുള്ളിലുണ്ട്. കഴിഞ്ഞ ഏഴു വർഷക്കാലവും എന്റെ കണ്ണിലൂടെ ഒഴുകിയത് ഉള്ളു മുറിഞ്ഞൊഴുകിയ ആ വേദനയായിരുന്നു. കരഞ്ഞു കരഞ്ഞ് കല്ലായിപ്പോയ ഒരമ്മയാണ് ഞാൻ’.
ഇന്ത്യയിൽ ഇനി ഇതുപോലെ ഒരമ്മയും ഉണ്ടാകാതിരിക്കട്ടെ എന്ന വേദനയോടെയാണ് ആശാദേവി എന്ന അമ്മയുടെ ഉള്ളുരുക്കം കേട്ടുനിന്നത്.
വിലാപങ്ങൾക്കൊപ്പം നിർഭയ എന്ന് പേരിട്ട് വിളിച്ച് വർഷാവർഷം മെഴുക് തിരി കത്തിച്ച് അനുസ്മരിക്കുന്ന അത്രിക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ അമ്മ.
ഇപ്പോൾ മകളുടെ ഘാതകരുടെ വധശിക്ഷ നടപ്പായപ്പോഴും മരണത്തോളം തന്റെ നെഞ്ചിനുള്ളിൽ കൂടെപ്പോരുന്ന വേദന ആശാ ദേവിയുടെ ഉള്ളിലുണ്ട്.
മരണത്തോട് മല്ലടിച്ചു ആശുപത്രിയിൽ ബോധമില്ലാതെ കിടന്ന നാളുകളിൽ നേർത്ത ഒരു അനക്കത്തിനിടെ അവൾ ഒരു തുള്ളി വെള്ളം ചോദിച്ചിരുന്നു.
അതു നൽകാൻ തനിക്കായില്ലല്ലോ എന്ന വേദന മാഞ്ഞു പോകാതെ ഇപ്പോഴും ഉള്ളിൽ കല്ലു കെട്ടിക്കിടക്കുകയാണെന്ന് അവർ നിറകണ്ണുകളോടെ പറഞ്ഞു.
ഭൂമിയിൽ മറ്റൊരു മൃഗവും മനുഷ്യനെ മുറിവേൽപ്പിക്കാത്ത വിധത്തിൽ അത്രിക്രൂരമായി വേട്ടയാടി ചോര വാർന്നു കിടക്കുന്ന തന്റെ മകളുടെ ദൃശ്യം ഇപ്പോഴും കണ്മുന്നിലുണ്ട്.
ആ ഓർമ മാത്രമാണ് ഉയിരിനെ ഇന്നു പുലർക്കാലത്തേക്കു കൂടെ ഉണാരാനുള്ള കരുത്തോടെ പിടിച്ചു നിർത്തിയതെന്നും അവർ പറയുന്നു.
എട്ടു വർഷത്തെ അവരുടെ കാത്തിരിപ്പ് കാലത്തിനും കോടതികൾക്കും തൂക്ക് കയറിനും ഇടയിലായിരുന്നു എന്നു തന്നെ പറയാം. ലോകത്ത് തന്നെ മറ്റൊരു മാതാപിതാക്കൾക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത രാപകലുകളിലൂടെയാണ് ഇക്കാലമത്രയും ആശാദേവി എന്ന അമ്മയും ബദ്രി സിംഗ് എന്ന അച്ഛനും കടന്നു പോയത്.
ഇന്ത്യയിൽ ഇനിയൊരു അമ്മയുടെയും ഓർമകളിലേക്ക് അതു പോലൊരു രാത്രി കടന്നു വരാതിരിക്കാൻ തന്റെ മകളുടെ ജീവൻ ഇറുത്തെടുത്ത കുറ്റവാളികളുടെ മരണദണ്ഡനം കൊണ്ടു മാത്രമേ കഴിയൂ എന്ന് ആശാദേവി എന്ന അമ്മ ഉറച്ചു വിശ്വസിച്ചു.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ച കോടതി വിധി വന്നപ്പോൾ തന്റെ വേദനിക്കുന്ന മുറിവുകൾക്ക് മേൽ പുരട്ടിയ മരുന്നു പോലെയായിരുന്നു ആ വാർത്ത എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം.
വധശിക്ഷയ്ക്കെതിരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ചർച്ചകളെക്കുറിച്ചോ അതൊരു കിരാത ശിക്ഷാ മാർഗമാണെന്ന ന്യായവാദങ്ങളെക്കുറിച്ചോ ആശങ്കപ്പെടാൻ കഴിയാത്ത വിധം ജീവിതത്തിൽ മുറിവേറ്റു പോയ ഒരച്ഛനും അമ്മയ്ക്കും തൂക്കുമരത്തിലേക്ക് നോക്കി നീതി പുലരുന്നത് കാത്തിരിക്കുന്ന അവരുടെ പ്രതീക്ഷയ്ക്കും മനുഷ്യന്റെ ഭാഷയിൽ നൽകാവുന്ന മറുപടി ഇപ്പോൾ മൗനം മാത്രമായിരിക്കും.
അച്ഛനും അമ്മയും ജ്യോതിയെന്ന് പേരിട്ടു വിളിച്ച ആ പാരാമെഡിക്കൽ വിദ്യാർഥിനി ഒരു നാടിന്റെ നൊന്പരങ്ങളിൽ ഇന്ന് നിർഭയ എന്ന അടയാളമാണ്.
തങ്ങളുടെ മകളെ ഭൂമിയിൽ നിന്ന് പറിച്ചെറിഞ്ഞ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതും കാത്ത് ദ്വാരകയിലെ വീട്ടിൽ കഴിയുകയായിരുന്നു ബദ്രി സിംഗും ആശാ ദേവിയും.
മകളുടെ മരണം മുതൽ പ്രതികളുടെ വധശിക്ഷയിലൂടെ മാത്രമേ തങ്ങൾക്കു നീതി ലഭിക്കൂ എന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ കഴിഞ്ഞു പോകുന്നത്.
അതിനായി മുന്നിട്ടിറങ്ങിയത് നിർഭയയുടെ അമ്മ ആശാ ദേവി തന്നെയാണ്. ഏഴു വർഷമായും തുടരുന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലും നീതി തങ്ങളെ തേടിയെത്തിയിട്ടില്ല എന്നു തന്നെയാണ് ആശാ ദേവിക്കു പറയാനുണ്ടായിരുന്നത്.
പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് വൈകിയത് കോടതിയിൽ ഉള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടാനിടയാക്കുമെന്നും അവർ പറഞ്ഞു.
സംഭവ ദിവസം ഒന്നു രണ്ടു മണിക്കൂറുകൾക്കകം തിരികെ വരാമെന്ന് പറഞ്ഞാണ് അവൾ പുറത്തു പോയത്. എട്ടു മണിക്കുശേഷവും കാണാതായതോടെ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല.
പിന്നീട് മകനെയും കൂട്ടി ബസ് സ്റ്റാൻഡുകളിൽ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. പത്തു മണിയോടെ അച്ഛനും എത്തി തെരച്ചിൽ തുടങ്ങി. പതിനൊന്നു മണി ആയപ്പോഴാണ് സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് വിളിയെത്തുന്നത്.
മകൾ പരിക്കേറ്റ നിലയിൽ അവിടെ ഉണ്ടെന്നായിരുന്നു ആ അറിയിപ്പ്. ആശുപത്രിയിലെത്തി എന്നെ കണ്ടതും നേർത്ത ബോധാവസ്ഥയിലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടു പോകുന്പോൾ അവൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. അവളുടെ ചുണ്ട് രണ്ടായി പിളർന്നിരുന്നു.
തലയിലെ തൊലി ഉരിഞ്ഞെടുത്ത പോലെയായിരുന്നു. ശരീരം നിറയെ മുറിവുകളും ചതവുമായിരുന്നു. പല മുറിവുകളിലും മാംസം തന്നെ പുറത്തു വന്ന നിലയിലായിരുന്നു.
എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ലെന്നാണു ഡോക്ടർ ആദ്യം പറഞ്ഞത്. ആദ്യം എന്തിന് ചികിത്സ നൽകണമെന്ന കാര്യത്തിൽ ഡോക്ടർമാർ പോലും ആശയക്കുഴപ്പത്തിലായിരുന്നു എന്നും ആശാ ദേവി ആ ദിവസങ്ങളെക്കുറിച്ച് വിശദീകരിച്ചു.
നിർഭയ കൊല്ലപ്പെട്ട ഡിസംബർ 16നു തന്നെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിധിയിൻമേൽ ഉള്ള പുനപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇതു വീണ്ടും നീണ്ടു പോകുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ പതിനെട്ടിന് അതീവ വൈകാരിക രംഗങ്ങളാണ് കോടതിക്കുള്ളിൽ നടന്നത്. വധശിക്ഷ ഏർപ്പെടുത്തുന്നതിനു മുന്പ് പ്രതികളുടെ നിയമപരമായ അവകാശങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എവിടെ പോയാലും പ്രതികളുടെ അവകാശത്തെ കുറിച്ചു മാത്രമാണ് പറയുന്നതെന്നും ഞങ്ങൾക്കും അവകാശങ്ങളില്ലേയെന്നും നിർഭയയുടെ അമ്മ കരഞ്ഞുകൊണ്ട് കോടതിയോട് ചോദിച്ചു.
നിങ്ങളെ കേൾക്കാനും പിന്തുണയ്ക്കാനുമാണ് കോടതിയുള്ളതെന്നു ചൂണ്ടിക്കാട്ടിയ ജഡ്ജി, നിയമങ്ങൾ പിന്തുടരാൻ കോടതി ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുകയുമാണ് ചെയ്തത്.
അതിന് മുൻപ് പ്രതികളിലൊരാളുടെ അമ്മ കോടതി മുറിയിൽ തന്റെ മുന്നിൽ വീണു നിലവിളിച്ചപ്പോഴും ഇതിലൊന്നും തന്റെ മനസ് അലിയില്ലെന്നാണ് ആശാദേവി പറഞ്ഞത്.
സെബി മാത്യു