ഡല്‍ഹിയില്‍ 23 കാരിയായ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം തികഞ്ഞിരിക്കുന്നു. 2012 ഡിസംബര്‍ 16 നു രാത്രിയായിരുന്നു രാജ്യം കണ്ട ഏറ്റവും ക്രൂരമായ ബലാത്സംഗം. ഫിസിയോതെറാപ്പി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന പെണ്‍കുട്ടി കൂട്ടുകാരനോടൊന്നിച്ചു സിനിമ കണ്ടു മടങ്ങുമ്പോള്‍ ഓടുന്ന ബസില്‍ വച്ചായിരുന്നു നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടത്. ഈയവസരത്തിലാണ് നിര്‍ഭയയുടെ അമ്മ ആശാ ദേവീ സിംഗ് ലോകത്തോട് സംസാരിക്കുകയുണ്ടായത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിങ്ങനെയായിരുന്നു…
”ഓരോ ദിവസവും ഓരോ പെണ്‍കുട്ടിയും ബലാല്‍സംഗം ചെയ്യപ്പെട്ട വാര്‍ത്ത വായിക്കുമ്പോഴും ഞാന്‍ മകളെ ഓര്‍മിക്കും. അവള് അനുഭവിച്ച തീവ്രവേദനയും ഭയപ്പാടും ഓര്‍മിക്കും. ‘ഇരുട്ടുപിടിച്ച ആളൊഴിഞ്ഞ വഴികള്‍ ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു. ഞാന്‍ അപ്പോള്‍ മകളെ ഓര്‍മിക്കും. പെട്ടന്ന് വിചാരിക്കും അവള് ആശുപത്രിയില്‍ ഉണ്ടെന്ന്.. പിച്ചിച്ചീന്തപ്പെട്ടെങ്കിലും ജീവനോടെ. ആറു പേരായിരുന്നു നിര്‍ഭയയെ ആക്രമിച്ചത്. ഒരു മനുഷ്യ ജീവിയോട് കാട്ടാവുന്ന ഏറ്റവും ക്രൂരതയോടെ. 13 ദിവസത്തെ ദുരിതത്തിനൊടുവില്‍ അവള് മരണത്തിനു കീഴടങ്ങി. ജീവിച്ചിരുന്നുവെങ്കില്‍ അവള്‍ക്കു ഇപ്പോള്‍ 28 വയസ്സാവുമായിരുന്നു.
വീട്ടിലെ മുറിയില്‍ ഒരു അലമാര നിറയെ നിര്‍ഭയക്കു ലഭിച്ച സമ്മാനങ്ങളാണ്. ജീവിതത്തില്‍ അവള് കാണിച്ച ഉത്സാഹത്തിനും, ശുഭപ്രതീക്ഷക്കും, സ്നേഹത്തിനും, ധൈര്യത്തിനും ലഭിച്ച അംഗീകാരങ്ങള്‍.. ”ദുരന്തം മറക്കാനും, അവളെ മറക്കാനും ആളുകള്‍ എന്നോട് പറയുന്നു… എനിക്ക് മറ്റു രണ്ടു മക്കള്‍ കൂടിയുണ്ട്… അവരതു മറക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു…ഞാനും അത് മറക്കില്ല. അധികാരികളുടെ ഭാഗത്തു നിന്നുള്ള നടപടികളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്.. അല്ലെങ്കില്‍ പരിഗണനയിലാണ്… സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണ്..
പോലീസ് പട്രോള്‍ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്…. പക്ഷെ പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപെട്ടുകൊണ്ടേയിരിക്കുന്നു… എന്താണ് മാറിയത്… അഞ്ചു വര്‍ഷത്തിനുമിപ്പുറം എന്ത് സുരക്ഷയാണ് പെണ്കുട്ടികള്ക്കുള്ളത. എന്റെ മകളുടെ ഘാതകര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു… അവരെപ്പോലെ സമൂഹത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കു ആണെങ്കില്‍ ഒന്നിനെയും പേടിയില്ല. അവള് ഹോസ്പിറ്റലില്‍ മരണത്തോട് മല്ലടിക്കുമ്പോഴും മുടി എന്താണ് ചീകാത്തത്, നെറ്റിയില്‍ പൊട്ടെവിടെ എന്നെല്ലാം എന്നോട് ചോദിക്കുമായിരുന്നു. ഞാന്‍ ഇപ്പോള്‍ എല്ലാ ദിവസവും പൊട്ടു തൊടാറുണ്ട്. അവളോട് ചേര്‍ന്ന് നില്‍ക്കുന്നത് പോലെ തോന്നും എനിക്കപ്പോള്‍. അവളോട് സംസാരിക്കുന്നതു പോലെയും, നിര്‍ഭയയുടെ അമ്മ പറഞ്ഞു.