കട്ടപ്പന: അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്ന പരിശീലന ക്യാന്പിൽ കട്ടപ്പന സ്വദേശിയും. കട്ടപ്പന വലിയപാറ വള്ളോമാലിൽ ജയ്മോൻ -എൽസി ദന്പതികളുടെ മകൻ നിർമലാണ് ഫാസ്റ്റ് ബൗളറായി ഇന്ത്യൻ ടീമിൽ കളിക്കാനൊരുങ്ങുന്നത്.
രാജക്കാട് എൻആർ സിറ്റി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ബൗളിംഗിലെ മികവ് ജില്ലാ ടീമിലും കേരള ടീമിലും എത്തിച്ചു. മൂന്നുവർഷമായി കേരള ടീമിലെ ഫാസ്റ്റ് ബൗളറാണ് നിർമൽ.
കഴിഞ്ഞമാസം ഹിമാചൽ പ്രദേശിൽ നടന്ന ഒരുമാസത്തെ പരിശീലനത്തിൽ നാലു കളികളിൽ നിന്നായി 18 വിക്കറ്റുകളാണ് നേടിയത്. ഇതോടെ ദേശീയ പരിശീലന ക്യാന്പിലേക്ക് പ്രവേശനം ലഭിക്കുകയായിരുന്നു.
കേരളത്തിൽനിന്നും നിർമൽ ഉൾപ്പെടെ മൂന്നുപേർക്ക് മാത്രമേ അവസരം ലഭിച്ചുള്ളൂ. ക്യാന്പിലും മികവ് പുലർത്തിയാൽ ദേശീയ ടീമിൽ ഇടംപിടിക്കാനാകും. ഇതിനുള്ള തയാറെടുപ്പിലാണ് നിർമൽ.