മാന്നാർ: സ്രാവുകളുടെ വിസ്മയ ലോകത്തിലേക്കു കൈപിടിച്ച കുരുന്നു പ്രതിഭയ്ക്കു ഒടുവിൽ റിക്കാർഡുകളുടെ വിസ്മയനേട്ടം.
ദുബായ് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി നിർമൽ 11 വയസിൽ രണ്ടു റിക്കാർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്, ഏഷ്യബുക്ക് ഓഫ് റിക്കാർഡ് എന്നിവയിലാണ് ഈ കുരുന്നു പ്രതിഭ ഇടം നേടിയത്.
വ്യത്യസ്ത ഇനം സ്രാവുകളെ ചുരുങ്ങിയ സമയത്തിൽ തിരിച്ചറിഞ്ഞാണ് റിക്കാർഡുകളിൽ ഇടം നേടിയിരിക്കുന്നത്.
100ൽ കൂടുതൽ വ്യത്യസ്തയിനം സ്രാവുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരു വിവരങ്ങൾ, പ്രത്യേകതകൾ എല്ലാം തന്നെ പറയാൻ നിർമലിനാകും.
അവയുടെ ചിത്രം കണ്ടാൽ ഏതു വർഗത്തിൽ പെടുന്നവയാണ് എന്നും നിഷ്പ്രയാസം പറയും. ഒരു മിനിറ്റ് 52 സെക്കൻഡിൽ നൂറിലധികം സ്രാവുകളെ തിരിച്ചറിഞ്ഞാണ് റിക്കാർഡ് ബുക്കിൽ ഇടം കണ്ടെത്തിയത്.
കഴിഞ്ഞദിവസമാണ് ഇതിന്റെ രേഖകൾ ഈ മെയിൽ വഴി ലഭിച്ചത്. മാന്നാർ കുരട്ടിക്കാട് കാക്കിരംചേത്ത് വടക്കേതിൽ സുധീഷ് കുമാറിന്റേയും ചെറിയനാട് ചിങ്ങാട്ടിൽ വീട്ടിൽ വിദ്യയുടെയും രണ്ടുമക്കളിൽ മൂത്ത മകനാണ് നിർമൽ.
ഇളയമകൾ നവമി ഇതേ സ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്നു. കുടുംബസമേതം ദുബായിൽ കഴിയുന്ന സുധീഷ് ബിസിനസുകാരനാണ്.