ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില വർധിക്കുന്നതിൽ അസാധാരണ വിശദീകരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. താൻ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വർധിക്കുന്നതിൽ പ്രശ്നമില്ലെന്നുമായിരുന്നു ഉള്ളിവില വർധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാർലമെന്റിൽ നിർമല സീതാരാമൻ നൽകിയ വിശദീകരണം.
ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ടു പ്രശ്നമില്ല. ഉള്ളിക്ക് അധികം പ്രധാന്യം കൊടുക്കാത്ത കുടുംബത്തിൽനിന്നാണ് എന്റെ വരവ്- പാർലമെന്റിൽ മറുപടി നൽകുന്നതിനിടെ നിർമല പറഞ്ഞു. മന്ത്രിയുടെ പരാമർശത്തെ ചിരിയോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. ഉള്ളി അധികം കഴിക്കുന്നത് നല്ലതല്ലെന്നു പറഞ്ഞ് ഒരു അംഗം മന്ത്രിയെ പ്രോത്സാഹിപ്പിക്കുയും ചെയ്തു.
രാജ്യത്ത് ഉള്ളിവില ഉയരുകയാണ്. കിലോയ്ക്ക് 140 രൂപ എന്ന നിരക്കിലാണ് ഉള്ളിയുടെ ചില്ലറ വിൽപ്പന. ഒറ്റ ആഴ്ച കൊണ്ട് 40 രൂപയുടെ വർധന ആണ് ഉള്ളിവിലയിൽ ഉണ്ടായിട്ടുള്ളത്.