മുംബൈ: രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണെന്ന രാഹുൽ ബജാജിന്റെ പ്രസ്താവന ദേശതാത്പര്യത്തെ മുറിപ്പെടുത്തുന്നതാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാഹുൽ ബജാജിന്റെ പരാമർശങ്ങൾ വൻതോതിൽ ജനശ്രദ്ധ നേടിയതിനു പിന്നാലെയാണു പ്രതിരോധവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ’ബജാജ് ഉന്നയിച്ച പ്രശ്നങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകിയിട്ടുണ്ട്. സ്വന്തം തോന്നലുകൾ പ്രചരിപ്പിക്കുന്നതിനേക്കാൾ എല്ലായ്പ്പോഴും ഉത്തരം തേടുന്നതാണ് മികച്ച മാർഗ്ഗം, അത് ഏറ്റുപിടിക്കുന്നതിലൂടെ ദേശീയ താത്പര്യത്തെ വൃണപ്പെടുത്തുകയാണ് ചെയ്യുന്നത്.’- നിർമല ട്വിറ്ററിൽ കുറിച്ചു.
രാഹുൽ ബജാജിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുകയും മറ്റുള്ളവരെ അതിനോട് യോജിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. അതു തന്നെയാണ് ജനാധിപത്യം എന്നായിരുന്നു നഗരകാര്യ, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പ്രതികരണം.ആരും സർക്കാരിനെ ഭയപ്പെടേണ്ട കാര്യമില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തോട് യോജിക്കുകയായിരുന്നു വാണിജ്യ, റെയിൽ മന്ത്രി പീയൂഷ് ഗോയൽ. പാർലമെന്റ് സീറ്റിനായി സർട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുൽ ബജാജിന്റെ വിമർശനമെന്ന് ബിജെപി വക്താക്കൾ ആരോപിച്ചു.
ഇക്കണോമിക് ടൈംസ് അവാർഡ് ദാന ചടങ്ങിനിടെയാണു സംഭവം. ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, കുമാർ മംഗളം ബിർള, സുനിൽ ഭാരതി മിത്തൽ തുടങ്ങിയവരുള്ള സദസിലായിരുന്നു എൺപതു കഴിഞ്ഞ രാഹുൽ ബജാജിന്റെ രൂക്ഷവിമർശനം.
തിരുത്തണമെന്നു ഷാ
ബജാജിന്റെ വിമർശനം അംഗീകരിച്ചില്ലെങ്കിലും അമിത് ഷാ അതു പാടേ തള്ളിക്കളഞ്ഞില്ല. അങ്ങനെയൊരന്തരീക്ഷം ഉണ്ടെന്നു വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതു മാറ്റിയെടുക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ഷാ പറഞ്ഞു. അമിത് ഷായോടു ചോദ്യങ്ങൾ ചോദിക്കാൻ സദസ്യർക്ക് അവസരം നല്കിയപ്പോഴാണു രാഹുൽ ബജാജ് എഴുന്നേറ്റുനിന്ന് അപ്രതീക്ഷിത വിമർശനം നടത്തിയത്. ചില പരാമർശങ്ങൾക്കു സദസ്യർ കൈയടിക്കുകയും ചെയ്തു.
മുൻ ധനമന്ത്രി പി. ചിദംബരത്തെ കുറ്റപത്രം പോലും കൊടുക്കാതെ നൂറു ദിവസത്തിലേറെയായി തടവിലിട്ടിരിക്കുന്നതും പ്രജ്ഞാസിംഗ് ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ചതും ആൾക്കൂട്ടക്കൊലകളും ഒക്കെ ബജാജ് ഉന്നയിച്ചു.
നെഹ്റു കൊടുത്ത പേര്
തനിക്കു രാഹുൽ എന്നു പേരിട്ടതു ജവഹർലാൽ നെഹ്റു ആണെന്നും ഈ പേരുകൾ (നെഹ്റു, രാഹുൽ) രണ്ടും നിങ്ങൾക്കു ചതുർഥിയാണല്ലോ എന്നും ബജാജ് പറഞ്ഞപ്പോൾ സദസ് കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ഞങ്ങൾ ഭയത്തിലാണ്… എല്ലാവരുടെയും മനസിൽ ഭീതിയുടെ അന്തരീക്ഷമാണ്. ആരുമതു പറയില്ല. എന്റെ വ്യവസായിസുഹൃത്തുക്കളും പറയില്ല.
പക്ഷേ, ഞാൻ തുറന്നു പറയും (കൈയടി): ഇതിനൊരു നല്ല മറുപടി കിട്ടിയേ തീരൂ. വെറുതേ നിഷേധിച്ചതുകൊണ്ടായില്ല… ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കേണ്ടിയിരിക്കുന്നു… യുപിഎയുടെ കാലത്തു ഞങ്ങൾക്ക് ആരെയും വിമർശിക്കാമായിരുന്നു. അതു വേറൊരു കാര്യം… നിങ്ങൾ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ, വിമർശിച്ചാൽ അതു നല്ല രീതിയിൽ സ്വീകരിക്കില്ല എന്ന ഭീതിയിലാണു ഞങ്ങൾ. (കൈയടി): രാജ്യത്തെ ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രിയുടെ മുഖത്തുനോക്കി ബജാജ് പറഞ്ഞു.
ആൾക്കൂട്ടക്കൊല
ആൾക്കൂട്ടക്കൊല എന്നതു വിദേശപദമാണെന്ന് (ആർഎസ്എസ് മേധാവി മോഹൻ) ഭാഗവത്ജി പറഞ്ഞു. പാശ്ചാത്യനാടുകളിലും അതു നടക്കുന്നുണ്ടാകാം. പക്ഷേ, ഇവിടെ ഇതൊരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം.
ഞങ്ങൾ ഭീതിയിലാണ്. അതു ഞങ്ങളുടെ തെറ്റാകാം. പറയരുതെന്നാഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ട്. ശിക്ഷിക്കപ്പെടാതെ ഒരാൾ 100 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നു. ശിക്ഷിക്കപ്പെട്ടിട്ടില്ല; കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ബലാത്സംഗമോ കൊലപാതകമോ രാജ്യദ്രോഹമോ അല്ല കുറ്റം. ഒരു വെള്ളക്കോളർ (ധനകാര്യ) കുറ്റം മാത്രം. ആയിരക്കണക്കിനു കോടിയുടെ കേസല്ല. എന്നിട്ടും നൂറുദിവസത്തിലേറെയായി ജയിലിൽ. ഇതു തെറ്റാണ്; രാഹുൽ ബജാജ് വിമർശിച്ചു. തനിക്കു ചിദംബരവുമായി അടുപ്പമൊന്നുമില്ലെന്നും അരനൂറ്റാണ്ടിനിടയിൽ ഒരു മന്ത്രിയെയും വീട്ടിലോ ഓഫീസിലോ പോയി സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രജ്ഞ സിംഗിനെപ്പറ്റി
ഇന്നിപ്പോൾ ആരെയും ദേശസ്നേഹി എന്നു വിളിക്കാമെന്നായി. ഗാന്ധിജിയെ വെടിവച്ചു കൊന്നത് ആരാണെന്ന് എല്ലാവർക്കുമറിയാം. എന്താ അതിൽ സംശയമുണ്ടോ? ഇത് (ഗോഡ്സേ ദേശസ്നേഹി എന്ന്) മുന്പും പറഞ്ഞിട്ടുള്ളതാണ്. അന്നു പ്രധാനമന്ത്രി പറഞ്ഞു, താൻ അവരോടു പൊറുക്കില്ലെന്ന്. പക്ഷേ, നിങ്ങൾ അവർക്കു ടിക്കറ്റ് കൊടുത്തു; പിന്തുണച്ചു. അവർ ജയിച്ചു; നിങ്ങളുടെ പിന്തുണയിൽ. പിന്നീട് അവരെ (പ്രതിരോധമന്ത്രാലയത്തിന്റെ) കൺസൾട്ടേറ്റീവ് കമ്മിറ്റിയിലാക്കി.
പ്രധാനമന്ത്രി മുന്പു പറഞ്ഞത് അവരോടു ക്ഷമിക്കാൻ പറ്റില്ലെന്നാണ്. ഇപ്പോൾ അവരെ നീക്കം ചെയ്തു. ഈ സമ്മേളനകാലത്തു പാർലമെന്റിൽ വരാൻ അനുവദിക്കില്ലെന്നും പറഞ്ഞു. കുറച്ചു ദിവസമല്ലേ സമ്മേളനമുള്ളൂ… ഇങ്ങനെയാണു കാര്യങ്ങൾ പോകുന്നത്: ബജാജ് സാരഥി കത്തിക്കയറി.
ന്യായീകരിക്കാനും ശ്രമം
പ്രജ്ഞസിംഗ് ഗോഡ്സെയെ ആയിരിക്കില്ല ഉദ്ധം സിംഗ് എന്ന വിപ്ലവകാരിയെയാകാം ദേശസ്നേഹി എന്നു വിളിച്ചത് എന്ന സംശയം പ്രകടിപ്പിച്ച ശേഷമാണ് അമിത് ഷാ പ്രജ്ഞയെ പാർട്ടി അനുകൂലിക്കുന്നില്ലെന്നു വ്യക്തമാക്കിയത്. സർക്കാർ സുതാര്യമായാണു പ്രവർത്തിക്കുന്നതെന്നും വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഇപ്പോൾ ബജാജ് ഇതു പറഞ്ഞതുതന്നെ പേടിയുടെ അന്തരീക്ഷം ഇല്ലാത്തതുകൊണ്ടാണെന്നും മറുപടിയിൽ അമിത് ഷാ അവകാശപ്പെട്ടു.
നരേന്ദ്ര മോദിക്കെതിരേ പല പത്രങ്ങളിലും വിമർശനം വരുന്നതും തെളിവായി ഷാ ചൂണ്ടിക്കാട്ടി. ആൾക്കൂട്ടക്കൊലപാതകങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ഷാ പറഞ്ഞു. രാജ്യത്തു ഭയത്തിന്റെ അന്തരീക്ഷമാണെന്നു വ്യവസായികൾ പലരും തന്നോടു പരാതിപ്പെടുന്നുണ്ടെന്നു കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പറഞ്ഞിരുന്നു.
നിർമല സീതാരാമനു സാന്പത്തിക ശാസ്ത്രം അറിയില്ല: സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു സാന്പത്തിക ശാസ്ത്രം അറിയില്ലെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പത്രസമ്മേളനങ്ങളിൽ സാന്പത്തിക വിഷയങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകാൻ അവർ മൈക്ക് ഉദ്യോഗസ്ഥർക്ക് കൈമാറുകയാണു ചെയ്യുന്നതെന്നും സ്വാമി കുറ്റപ്പെടുത്തി. മന്ത്രി പറയുന്നതു വളർച്ചാ നിരക്ക് 4.8 ശതമാനമായി കുറഞ്ഞെന്നാണ്. എന്നാൽ ഞാൻ പറയുന്നു 1.5 ശതമാനം മാത്രമാണെന്ന്.
ആവശ്യം കുറയുന്നതാണ് രാജ്യത്ത് നിലവിലുള്ള പ്രശ്നം. ലഭ്യത കുറവല്ല. കോർപറേറ്റുകൾക്കു നികുതി ഇളവുകൾ നൽകുകയാണ് മന്ത്രി ചെയ്യുന്നത്. കോർപറേറ്റുകൾ അത് ഉപയോഗിക്കുകയും ലഭ്യത കൂട്ടുകയും ചെയ്യും. എന്താണു നടക്കുന്നതെന്നു പ്രധാനമന്ത്രിക്കു പോലുമറിയില്ല. മികച്ച വളർച്ചാനിരക്ക് എന്നാണ് അദ്ദേഹം പറയുന്നത്. പ്രധാനമന്ത്രി പറയുന്നതിന് എതിരു പറഞ്ഞാൽ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടില്ല, അവർ പൊതുവേ ഒറ്റപ്പെടും. അതിനാൽ ഉപദേശകർക്കു പോലും സത്യം പറയാൻ ഭയമാണ്- സുബ്രഹ്മണ്യൻ സ്വാമി ഒരു അഭിമുഖത്തിൽ പറഞ്ഞു.