തലശേരി: പാചക തൊഴിലാളിയായ അമ്പത്തിയഞ്ചുകാരിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തലശേരി മെയിന്‍ റോഡ് മട്ടാമ്പ്രം ചക്കരക്കാരന്റവിട മാക്കോത്താന് വീട്ടില്‍ പരേതനായ തിലകന്റെ ഭാര്യ നിര്‍മല കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അഴിയൂര്‍ കോറോത്ത് റോഡില്‍ മൂന്നാം ഗേറ്റില്‍ വാടക വീട്ടില്‍ താമസക്കാരനുമായ കുഞ്ഞഹമ്മദ് എന്ന കുഞ്ഞുമൊയ്തീനെ(58)യാണ് ഇന്ന് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക.
ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, സിഐ സനൽകുമാർ, എസ്ഐ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഇന്നലെ സംഭവ സ്ഥലത്തും സഹോദരിയുടെ വീട്ടിലും കൊണ്ടു പോയി തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച കമ്പിപ്പാര വീടിന്റെ ഓഫീസ് മുറിയിൽ നിന്നും കണ്ടെടുത്തു.
പ്രതിയുടെയും കൊല്ലപ്പെട്ട നിർമലയുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിർണായക തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് ഇന്ന് കോടതിയിൽ ഹർജി നൽകും. നിർമലയെ കൊലപ്പെടുത്തിയ ശേഷം കവർന്ന ഏഴ് പവന് സ്വര്‍ണാഭരണം വിറ്റ് ലഭിച്ച 1,75000 രൂപ വിവിധ സ്ഥലങ്ങളിൽ നിന്നും പോലീസ് കണ്ടെടുത്തു. അരലക്ഷം രൂപ പ്രതിയുടെ വാടക വീട്ടിലെ സോഫക്കടിയിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ സഹോദരിയുടെ വടകരയിലെ വീട്ടിൽ നിന്നുമാണ് കണ്ടെടുത്ത്.
തിങ്കളാഴ്ച പുലർച്ചെയാണ് നിർമലയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. പുലർച്ചെ എഴുന്നേറ്റ പ്രതി മുട്ട പുഴുങ്ങി. തുടർന്ന് പുഴുങ്ങിയ മുട്ടയും കട്ടൻ ചായയും നിർമലക്ക് നൽകി. തുടർന്ന് ജോലി സ്ഥലത്തേക്ക് എന്ന വ്യാജേന വീടിന്റെ പിൻഭാഗത്തെ കുറ്റിക്കാട്ടിലൂടെ പുറത്തേക്കിറങ്ങി. തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ട് തലയുടെ പിൻഭാഗത്ത് അടിച്ചു വീഴ്ത്തി.
അടി കൊണ്ട് വീണ നിർമല ഒച്ച വെച്ചു.തുടർന്ന് വായ് പൊത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കേസന്വേഷണം വഴി തിരിച്ചു വിടാൻ കൊല നടത്തിയ സ്ഥലത്ത് അയൽവാസിയുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി കൊണ്ടു വന്നിട്ടു. രക്തം പുരണ്ട ഷർട്ട് കഴുകി വൃത്തിയാക്കി ഉണങ്ങാനിട്ടു. നിർമലയുടെ മൊബൈൽ ഫോൺ പൊട്ടിച്ച് തോട്ടിലേക്കെറിഞ്ഞു. തുടർന്ന് സ്വർണാഭരണം മാഹിയിലെ ജ്വല്ലറിയിൽ 1,88,650 രൂപയ്ക്ക് വിറ്റു. മുഴുവൻ തുകയും കടയിൽ ഇല്ലാത്തതിനാൽ 8650 രൂപ അഡ്വാൻസ് വാങ്ങി വീട്ടിലെത്തി.
പിറ്റേ ദിവസം ബാക്കി തുക വാങ്ങുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണ് കൃത്യം ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചത്.സഹോദരിയുടേയും മാതൃ സഹോദരിയുടേയും സ്വർണം വാങ്ങി പണയം വെച്ചിരുന്നു. അത് എടുത്ത് കൊടുക്കാൻ അവർ അവശ്യപ്പെട്ടു.
തുടർന്നാണ് കൊലപാതകത്തിന് പദ്ധതി ഇട്ടതെന്നും പ്രതി പറഞ്ഞു. നിര്‍മ്മലയുടെ മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ അഴിയൂര്‍ കോറോത്ത് റോഡിലെ കുഞ്ഞഹമ്മദിന്റെ വാടക വീടിന്റെ പിന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്നും സിഐ സനല്‍കുമാര്‍, എസ്ഐ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെടുത്തു. ആര്‍ഡിഒയുടേയും ഫോറന്‍സിക് സര്‍ജന്റെയും സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ബിരിയാണി വയ്ക്കുന്ന ജോലിക്കായി വീട്ടില്‍ നിന്ന് പോയ നിര്‍മലയെ കാണാതാവുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്.