രാജ്യമെങ്ങും ലൈംഗികാതിക്രമങ്ങള്‍ നടമാടുമ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ സംരക്ഷകയാകേണ്ട അധ്യാപിക തന്നെ അവരെ കുരുതികൊടുക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സര്‍വകലാശാലാ അധികൃതര്‍ക്ക് ‘വഴങ്ങിക്കൊടുക്കാന്‍’ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കോളജ് അധ്യാപികയെ അറസ്റ്റുചെയ്തു. വിരുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്.
അറുപ്പുകോട്ടൈയ്ക്കടുത്ത വീട്ടില്‍ ഒളിവിലായിരുന്നു അധ്യാപിക. തിങ്കളാഴ്ച വൈകിട്ട് പോലീസും റവന്യൂ അധികൃതരും എത്തി വീടിന്റെ പൂട്ടുതുറന്ന് അകത്തുകയറി നിര്‍മല ദേവിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെ നേരത്തെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മധുര കാമരാജ് സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. നാലുവിദ്യാര്‍ഥിനികളെ ഫോണില്‍ വിളിച്ച് മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതമേധാവികള്‍ക്ക് ശാരീരികമായി വഴങ്ങിക്കൊടുക്കാന്‍ നിര്‍മല ദേവി നിര്‍ദേശിച്ചെന്നാണ് പരാതി.
ഇതിലൂടെ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നും അധ്യാപിക ഉപദേശിച്ചു. ഫോണ്‍സംഭാഷണം ചോര്‍ന്നതോടെയാണ് വിവാദമുയര്‍ന്നത്. വിദ്യാര്‍ഥിനികള്‍ കോളജ് അധികൃതര്‍ക്ക് പരാതിനല്‍കി. തുടര്‍ന്നാണ് അധ്യാപികക്കെതിരേ നടപടി. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. മാര്‍ച്ച് 15-നാണ് നിര്‍മല ദേവി വിദ്യാര്‍ഥികളുമായി ഫോണ്‍സംഭാഷണം നടത്തിയത്. 19 മിനിറ്റുനേരം സംഭാഷണം നീണ്ടു. നിങ്ങള്‍ വേണ്ടതുപോലെ പ്രവര്‍ത്തിച്ചാല്‍ സര്‍വകലാശാല നിങ്ങള്‍ക്ക് സഹായവുമായി ഒപ്പംനില്‍ക്കും. വിവരം പുറത്തുവിട്ടാല്‍ തിക്താനുഭവമായിരിക്കും ഫലം’.
തങ്ങള്‍ക്കുവേണ്ടത് സര്‍ക്കാര്‍ ജോലിയാണെന്നു വ്യക്തമാക്കിയപ്പോള്‍ അധ്യാപികയുടെ മറുപടി വൈസ് ചാന്‍സലര്‍ പദവിക്കുപോലും ഇപ്പോള്‍ രാഷ്ട്രീയസ്വാധീനം ആവശ്യമാണെന്നായിരുന്നു. അടുത്തയാഴ്ച വിളിക്കുമ്പോള്‍ ഉത്തരം നല്‍കണമെന്നുപറഞ്ഞാണ് അധ്യാപിക ഫോണ്‍സംഭാഷണം അവസാനിപ്പിക്കുന്നത്.
അതേസമയം, പുറത്തായ സംഭാഷണം തന്റേതാണെന്നും എന്നാല്‍, കുട്ടികള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അധ്യാപിക നിര്‍മല ദേവി പ്രതികരിച്ചു. സംഭാഷണത്തില്‍ സൂചിപ്പിച്ച സര്‍വകലാശാലാ ഉന്നതന് ആരാണെന്ന് വ്യക്തമല്ല. മധുര സര്‍വകലാശാലയുടെ പേരിന് കളങ്കമുണ്ടാക്കാന്‍വേണ്ടി കെട്ടിച്ചമച്ചതാണിതെന്ന് വൈസ് ചാന്‍സലര്‍ പി.പി. ചെല്ലദുരൈ കുറ്റപ്പെടുത്തി.