തലശേരി: പാചക തൊഴിലാളിയായ അമ്പത്തിയഞ്ചുകാരിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തൊണ്ടി മുതലുകൾ കണ്ടെത്താൻ പയ്യോളിയിലെ മൂന്ന് കിണറുകൾ വറ്റിച്ച് പരിശോധന നടത്തി.
തലശേരി മെയിന്‍ റോഡ് മട്ടാമ്പ്രം ചക്കരക്കാരന്റവിട മാക്കോത്താന് വീട്ടില്‍ പരേതനായ തിലകന്റെ ഭാര്യ നിര്‍മല കൊല്ലപ്പെട്ട കേസിലാണ് സിഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ കുളങ്ങൾ വറ്റിച്ച് തെളിവെടുപ്പ് നടത്തിയത്. കേസിലെ പ്രതിയും നിർമലയുടെ സഹപ്രവര്ത്തകനുമായയ വടകര സ്വദേശിയും അഴിയൂര്‍ കോറോത്ത് റോഡില്‍ മൂന്നാം ഗേറ്റില്‍ വാടക വീട്ടില്‍ താമസക്കാരനുമായ കുഞ്ഞഹമ്മദ് എന്ന കുഞ്ഞുമൊയ്തീന്റെ സാനിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
കൊലപാതകത്തിനു ശേഷം മത്സ്യവും വാങ്ങി മകളുടെ വീട്ടിലേക്ക് പോകവെ മൊബൈൽ ഫോണുകൾ കുളത്തിലേക്കെറിഞ്ഞുവെന്ന പ്രതിയുടെ മൊഴിയെ തുടർന്നാണ് കുളങ്ങൾ വറ്റിച്ച് പരിശോധന നടത്തിയത്. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. നിര്‍മലയുടെ നഷടപ്പെട്ട ഏഴ് പവൻ സ്വർണാഭരണങ്ങളും മാഹിയിലെ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു.
നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് നിർമല യുടെ മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ അഴിയൂര്‍ കോറോത്ത് റോഡിലെ പ്രതിയുടെ വാടക വീടിന്റെ പിന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തത്. മൂന്നിന് രാവിലെ ബിരിയാണി ജോലിക്കായി വീട്ടില്‍ നിന്ന് പോയ നിര്‍മലയെ കാണാതാവുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്.