സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ അന്തകൻ എന്നു വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്.
അമ്മയും മകനും പാർട്ടി നടത്തുന്പോൾ മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുകയാണെന്നും കേന്ദ്രമന്ത്രി ആക്ഷേപിച്ചു.
പൊതുബജറ്റിൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവേയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കടന്നാക്രമണം.
ഇപ്പോൾ നാലുപേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും നാം രണ്ട്, നമുക്ക് രണ്ട് എന്നതാണ് ഇവരുടെ മുദ്രാവാക്യമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ ആരോപിച്ചിരുന്നു.
ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി രാഹുലിനെതിരേ ആഞ്ഞടിച്ചത് . നമ്മൾ രണ്ട്, നമ്മുടെ രണ്ട് എന്നതിന്റെ അർഥം, രണ്ട് പേർ പാർട്ടി നടത്തുന്നു, മറ്റു രണ്ടുപേർ- മകളും മരുമകനും സ്വത്ത് നോക്കിനടത്തുന്നു- ധനമന്ത്രി പരിഹസിച്ചു.
കാർഷിക നിയമം പിൻവലിക്കണമെന്ന് കോണ്ഗ്രസ് ഇപ്പോൾ ആവശ്യമുന്നയിക്കുന്നത് നേരത്തെ പറഞ്ഞ നിലപാടിൽ മലക്കം മറിഞ്ഞണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
കർഷകർക്ക് നല്ല ആദായം ലഭിക്കാൻ അവരുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിറ്റഴിക്കാൻ അവസരമുണ്ടാക്കണമെന്നാണ് രാഹുലും കോണ്ഗ്രസ് നേതാക്കളും നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോൾ അതു നടപ്പിലാക്കിയപ്പോൾ അതിനെ എതിർക്കുന്നു.
പൊതുബജറ്റിൽ നടന്ന ചർച്ചകൾ പൂർത്തിയാക്കിയതിനു പിന്നാലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിപ്പിച്ച് ലോക്സഭ പിരിഞ്ഞു. ഇനിയും രണ്ടാംഘട്ട സമ്മേളനത്തിനായി മാർച്ച് എട്ടിനു വീണ്ടും ചേരും.