കണ്ണൂർ: രാഷ്ട്രീയ സാന്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ പങ്കെടുക്കുന്ന കണ്ണൂരിലെ സിപിഎമ്മുമായി ബന്ധപ്പെട്ട പരിപാടിയെക്കുറിച്ച് വിവരങ്ങൾ തേടി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ.
കണ്ണൂരിലെത്തുന്ന ഇദ്ദേഹം സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഒൻപതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സേവ് പബ്ലിക് സെക്ടർ ഫോറം ജില്ലാ കൺവൻഷനിൽ “വർത്തമാനകാല ഇന്ത്യ, ആവർത്തിക്കുന്ന നുണക്കഥകൾ, പറയാത്ത സത്യങ്ങൾ’ എന്ന വിഷയത്തിലാണു പ്രഭാഷണം.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. പി.കെ. ബിജുവാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ബിഎസ്എൻഎൽ, എൽഐസി, ബാങ്ക്, പോസ്റ്റൽ, പെൻഷൻകാർ, കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവരുടെ കോ-ഓഡിനേഷൻ കമ്മിറ്റിയാണ് സെമിനാർ നടത്തുന്നത്.
മോദിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർത്തിയ ഡോ. പരകാല പ്രഭാകറിന് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശം. അടുത്തിടെ പബ്ലിഷ് ചെയ്ത ഇദ്ദേഹത്തിന്റെ “ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ; എസെയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസസ്’ ഈ പുസ്തകം മോദിക്കെതിരേ ശക്തമായ വിമർശനം ഉയർത്തിയിരുന്നു.
സമ്പദ് വ്യവസ്ഥയെയും മറ്റു കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി കഴിവുകെട്ടവനാണെന്ന് ഡോ. പരകാല പ്രഭാകർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.