ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ചു തുടങ്ങി. ഒന്നാം മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു തുടങ്ങിയ ധനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന പ്രയോഗം ആവർത്തിച്ചാണ് ബജറ്റ് അവതരണത്തിലേക്കു കടന്നത്.
ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാണു നിർമല സീതാരാമൻ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ധനവകുപ്പിൻറെയും ചുമതലയുണ്ടായിരുന്നു.
രാജ്യത്തിന്റെ സാന്പത്തിക ചിത്രം വ്യക്തമാക്കി സാന്പത്തിക സർവേ വ്യാഴാഴ്ച പാർലമെൻറിൽ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ആരോഗ്യം, കൃഷി, വ്യവസായം, പ്രതിരോധം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകൾക്കു ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണു റിപ്പോർട്ട്.
ഇതിനുള്ള പണം കണ്ടെത്തുകയെന്നതാണു ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. മുൻ ധാനമന്ത്രിമാരെപ്പോലെ ബ്രീഫ്കേസുമായല്ല ഇക്കുറി മന്ത്രി ധനമന്ത്രാലയത്തിൽ എത്തിയത്. പകരം ചുവന്ന നാലു മടക്കുള്ള ബാഗിലാണു മന്ത്രി ബജറ്റ് നിർദേശങ്ങൾ അടങ്ങിയ ഫയലുകൾ സൂക്ഷിച്ചത്.
ഇന്ത്യൻ പാരന്പര്യത്തോട് അടുത്തുനിൽക്കുന്നതിനായാണ് ബ്രീഫ്കേസ് ഉപേക്ഷിച്ച് പകരം പരന്പരാഗതമായ ബഹി ഖാട്ടയിലേക്കു മാറിയതെന്ന് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. പടിഞ്ഞാറൻ ചിന്തകളിൽനിന്നുകൂടിയുള്ള മോചനമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ…
- വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കും.
- 2022 ഓടെ മുഴുവൻ ആളുകൾക്കും വീട്
- എല്ലാ കർഷകർക്കും വൈദ്യുതിയും പാചകവാതകവും.
- മാതൃകാ വാടകനിയമം കൊണ്ടുവരും.
- ഗതാഗതമേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടു പദ്ധതികൾ.
- റെയിൽവേ വികസനത്തിന് പിപിപി മോഡൽ കൊണ്ടുവരും.
- ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽ കാർഡ്.
- ചെറുകിട വ്യാപാരികൾക്കും പെൻഷൻ, മൂന്നു കോടി വ്യാപാരികളെ ഉൾപ്പെടുത്തും.
- റെയിൽവേ വികസനത്തിന് 2030 വരെ 50 ലക്ഷം കോടി രൂപ ചെലവഴിക്കും.
- ഒരു രാജ്യം ഒരു ഗ്രിഡ്, വൈദ്യുത മേഖലയുടെ ഉന്നമനത്തിന് വിവിധ പദ്ധതികൾ
- സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഉദാരവത്കരിക്കും
- പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു.
- ഉദാരവത്കരണം വിപുലമാക്കും.
- നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തും.
- ബഹിരാകാശ മേഖലയിൽ കന്പനി.
- ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ വാണിജ്യവത്കരിക്കും.
- വാണിജ്യകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ന്യൂസ് സ്പേസ് ഇന്ത്യാ ലിമിറ്റഡ്.
- ഗ്യാസ് ഗ്രിഡ്, ജലഗ്രിഡ് എന്നിവ നടപ്പാക്കും.
- വ്യോമയാന, മാധ്യമ, ഇൻഷ്വറൻസ് മേഖലകൾ തുറന്നുകൊടുക്കും.
- മത്സ്യമേഖലയ്ക്കു പദ്ധതി. ഫിഷറീസ് മേഖല ആധുനീകരിക്കും.
- എല്ലാ കുടുംബത്തിനും വൈദ്യുതി.
- 2022-നകം 1.95 കോടി വീടുകൾ.
- 114 ദിവസംകൊണ്ട് വീടുകൾ പൂർത്തിയാക്കും.
- തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട – ഇടത്തരം വ്യവസായ മേഖലകൾക്കു പ്രോത്സാഹനം.
- മുള, തേൻ, ഖാദി മേഖലയിൽ 100 ക്ലസ്റ്ററുകൾ.
- 50,000 കരകൗശല വിദഗ്ധർക്കു പ്രയോജനം.
- റോഡ്, ജല, വ്യോമഗതാഗത മേഖലകൾ ലോകോത്തര നിലവാരത്തിലെത്തിക്കും.
- 2024-നകം എല്ലാ വീടുകളിലും കുടിവെള്ളം.
- ജലസ്രോതസുകളുടെ പരിപാലനത്തിനും വിതരണത്തിനും ജൽ ജീവൻ മിഷൻ.
- ഭാരത് മാലാ, സാഗർ മാല ഉഡാൻ മേഖലകളിൽ വിപുലമായ നിക്ഷേപം.
- ചെലവില്ലാ കൃഷി പ്രോത്സാഹിപ്പിക്കും.
- എല്ലാ പഞ്ചായത്തിലും ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കും.
- ചെറുകിട, ഇടത്തരം കച്ചവട സ്ഥാപനങ്ങൾക്കു രണ്ടു ശതമാനം ജിഎസ്ടി ഇളവ്.
- ഹരിത സാങ്കേതിക വിദ്യയിൽ 30,000 കിലോമീറ്റർ റോഡ് നിർമിക്കും.
- നഗരങ്ങളിലെ പാർപ്പിട പദ്ധതിക്ക് 4.83 ലക്ഷം കോടി.
- ഒക്ടോബർ രണ്ടോടെ വെളിയിട വിസർജനവിമുക്തമാക്കും.
- അഞ്ചുവർഷത്തിനിടെ 9.62 കോടി ടോയ്ലെറ്റുകൾ.
- ഉന്നത വിദ്യാഭ്യാസത്തിനു പുതിയ നയം.
- ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ.
- ചരക്കുഗതാഗതത്തിനു ജലഗതാഗതം കൂടുതൽ പ്രയോജനപ്പെടുത്തും.
- നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കാൻ നിർദേശം.
- വിദ്യാർഥികളെ സഹായിക്കാൻ ആഗോള ഗവേഷകരുടെ സേവനം പ്രയോജനപ്പെടുത്തും.
- ഐഐടി അടക്കമുള്ള സ്ഥാപനങ്ങൾക്ക് 400 കോടി.
- വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ പുതിയ പദ്ധതി.
- ഗംഗാനദിയിലൂടെയുള്ള ചരക്കുഗതാഗതം നാലിരട്ടിയായി വർധിപ്പിക്കും.
- ഒരു കോടി യുവാക്കൾക്കു നൈപുണ്യ പരിശീലനം നല്കും.
- റെയിൽ വികസനത്തിനു കൂടുതൽ വിഹിതം.
- മാലിന്യസംസ്കരണം ഉറപ്പാക്കും.
- വിവിധ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കും.
- ഇന്ത്യയെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി.
- സ്റ്റാർട്ടപ്പ് സംരംഭകർക്കായി പുതിയ ടെലിവിഷൻ ചാനൽ.
- ദേശീയ പാത അഥോറിറ്റിക്ക് 24,000 കോടി രൂപ.
- മെട്രോ ഗതാഗതം വ്യാപിപ്പിക്കും.
- ശുചീകരണ തൊഴിലാളികൾക്കു പകരം കൂടുതൽ റോബർട്ടുകൾ.
- മത്സ്യമേഖലയിൽ ആധുനികവത്കരണം.
- വീടുകളിൽ സോളാർ അടുപ്പുകൾ പ്രോത്സാഹിപ്പിക്കും.
- സ്ത്രീകൾക്കായി നാരി ടു നാരായൺ.
- വികസനത്തിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കും.
- സ്ത്രീകൾ നേതൃത്വം നല്കുന്ന സംരംഭങ്ങൾക്കു പ്രത്യേക സഹായം.
- ഗാന്ധിദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഗാന്ധിപീഡിയ.
- സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് 5000 രൂപ ഓവർഡ്രാഫ്റ്റ്.
- മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആധാർ കാർഡ് ഉടൻ.
- മുദ്രാപദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകൾക്ക് ഒരുലക്ഷം രൂപ വായ്പ.
- 17 ടൂറിസം കേന്ദ്രങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തും.
- നാല് പുതിയ എംബസികൾ, ആഫ്രിക്കയിൽ 18 നയതന്ത്ര കാര്യാലയങ്ങൾ.
- പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപയുടെ മൂലധനസഹായം.