സൗഹൃദത്തിനു മുന്നിൽ പ്രതിരോധമില്ലാതെ പ്രതിരോധ മന്ത്രി നിർതമലാ സീതാരാമൻ. പരിക്കേറ്റു ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് ഡോ. ശശിതരൂരിനെ പ്രതിരോധ മന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചത് പാർട്ടിയോടുപോലും പറയാതെ.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികൾക്കു ശേഷം തിരിച്ച് വിമാനത്താവളത്തിലേക്കുള്ള വഴിയിലാണ് തൂരിനെ സന്ദർശിക്കാൻ സീതാരാമൻ തീരുമാനമെടുത്തത്. അദ്ദേഹത്തെ കാണണമെന്നും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പറയണമെന്നും തോന്നി. അതിനാലാണ് തൂരിനെ കണ്ടതെന്നു പ്രതിരോധമന്ത്രി പറഞ്ഞു.
തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് അദ്ദേഹത്തിനു പരിക്കേറ്റതായി അറിഞ്ഞു. അദ്ദേഹത്തെ കാണണമെന്നും വേഗം സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കണമെന്നും കരുതി. താൻ ആരെയും വിവരം അറിയിച്ചില്ല, പാർട്ടിയെപ്പോലും. വിമാനത്താവളത്തിലേക്ക് മടങ്ങിപ്പോകുമ്പോൾ അദ്ദേഹത്തെ തീർച്ചയായും ആശുപത്രിയിലെത്തി സന്ദർശിക്കണമെന്ന് വിചാരിച്ചു. അദ്ദേഹത്തെ കാണുകയും ചെയ്തു- നിർമലാ സീതാരാമൻ എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ തന്നെ കാണാനെത്തിയ നിർമല സീതാരാമനെ തരൂർ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്ന അപൂർവ മര്യാ ദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരണമാണു നിർമലാ സീതാരാമനെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.
വിഷുദിനത്തിൽ മേലേ തമ്പാന്നൂരിലെ ഗാന്ധാരിയമ്മൻ കോവിലിലാണു തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തരൂരിന് പരിക്കേറ്റത്. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. തുലാഭാര വഴിപാടിനായി ത്രാസിലിരിക്കുമ്പോൾ ത്രാസിന്റെ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റെ തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
അദ്ദേഹത്തിന്റെ തലയ്ക്കു 11 തുന്നലുകളുണ്ട്. ചൊവ്വാഴ്ച ആശുപത്രി വിട്ട തരൂർ സെൻട്രൽ സ്റ്റേഡിയത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.