ഇടുക്കിയില്‍ ഇപ്പോള്‍ നിര്‍മലചേച്ചിയാണ് താരം! കാലിലൂടെ ബസ് കയറിയ യുവാവിനെ നിര്‍മല ആശുപത്രിയിലാക്കിയത് ഒറ്റയ്ക്ക്, ആദരവുമായി സംഘടനകള്‍, ഒരു നന്മയെ കൂടുതല്‍ അറിയാം

നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്ക് യാത്രികനായ യുവാവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. രക്ഷകയായത് അപരിചിതയായ ഒരു സ്ത്രീയും. ഭൂമിയാംകുളം മുണ്ടനാനിയില്‍ ജോസ് (ലാലു)വാണ് അപകടത്തില്‍പെട്ടത്. അടിമാലി- കുമളി ദേശീയപാതയില്‍ തടിയമ്പാടിനുസമീപം മഞ്ഞപ്പാറയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്.

ലാലുവിന് രക്ഷകയായത് കര്‍ഷക തൊഴിലാളിയായ നിര്‍മലയാണ്. ബസിന്റെ ചക്രം കയറി കാലിന് ഗുരുതരമായി പരിക്കേറ്റ ലാലുവിനെ രക്ഷപ്പെടുത്താന്‍ ആരും തയാറാകാതെ വന്നപ്പോഴാണ് ഇതേ ബസിലെ യാത്രക്കാരിയായ ഇടുക്കി സ്വദേശിനി പൂതക്കുഴിയില്‍ രാജുവിന്റെ ഭാര്യ നിര്‍മല രക്ഷകയായി മുന്നിട്ടിറങ്ങിയത്. അടുത്തുള്ള വീട്ടില്‍നിന്നും വെള്ളംവാങ്ങി ലാലുവിന് കുടിക്കാന്‍ നല്‍കി. ഇതേസമയം മറ്റൊരാളും യുവതിക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് തയാറായി.

പോസ്റ്റ് ഓഫീസിലെ മെയിലുമായി ഓട്ടംപോകുന്ന ഓട്ടോറിക്ഷ ഡ്രൈവറായ കരിമ്പന്‍ വലിയപറമ്പില്‍ ബിജു ഡീസലടിക്കാന്‍ പമ്പില്‍പോയി വരുമ്പോഴാണ് അപകടം കാണുന്നത്. ചെറുതോണിക്ക് ഭാര്യയോടൊപ്പം ബസില്‍ യാത്രചെയ്തിരുന്ന അപരിചിതനായ മധ്യവയസ്‌കനും ലാലുവിനെ രക്ഷിക്കാന്‍ ഇറങ്ങിവന്നു. ഭാര്യയെ പറഞ്ഞുവിട്ടിട്ട് ലാലുവിനെ ബിജുവിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി മടിയില്‍കിടത്തി.

ഇവര്‍ക്കൊപ്പം ലാലുവിന്റെ തകര്‍ന്ന കാല് മടിയില്‍വച്ച് നിര്‍മലയും ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്നു ബിജു പറഞ്ഞു. പലരോടും നിര്‍മല പരിക്കേറ്റയാളെ പിടിക്കാന്‍ സഹായിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും വന്നില്ലെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. കരിമ്പനില്‍ ഇസാഫില്‍നിന്നും വായ്പയെടുത്ത തുക ചെറുതോണിയിലെ ബാങ്കില്‍ അടയ്ക്കാന്‍ ബസില്‍ പോകുകയായിരുന്നു നിര്‍മല. ഇവര്‍ ധരിച്ചിരുന്ന ചുരിദാര്‍ രക്തത്തില്‍ നനഞ്ഞുകുതിര്‍ന്നതിനാല്‍ ആശുപത്രിയിലെത്തിയശേഷം ബാങ്കിലേക്കു പോകാതെ ബിജുവിന്റെ ഓട്ടോ റിക്ഷയില്‍തന്നെ ഇടുക്കിയിലെ വീട്ടിലേക്ക് മടങ്ങിയെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട സ്വകാര്യബസിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയും ദൂരെ മാറിനിന്ന് ഫോണ്‍ വിളിക്കുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തയാറാകാതെ ഓടിരക്ഷപ്പെടുന്ന വാഹന ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മനസാക്ഷി മരവിച്ച ജനങ്ങള്‍ക്ക് മാതൃകയായ നിര്‍മലയെ വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ ആദരിച്ചു.

കരിമ്പന്‍ ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു ലാലു. മുരിക്കാശേരിയില്‍നിന്നും ചെറുതോണിക്കു വരികയായിരുന്നു ബസ്. ഉരുള്‍പൊട്ടലില്‍ റോഡിലേക്കു വീണ മണ്ണ് ഒരു വാഹനം കടന്നുപോകുംവിധം മാത്രമാണിവിടെ മാറ്റിയിരുന്നത്. എതിരേ ബസ് വരുന്നതുകണ്ട് ബൈക്ക് ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കവേ റോഡില്‍ അടിഞ്ഞുകൂടിയ മണ്‍തിട്ടയില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്കു മറിഞ്ഞുവീണ ലാലുവിന്റെ ഇരുകാലിലും ബസിന്റെ ചക്രം കയറിയിറങ്ങി.

ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇടതുകാലിലെ പേശികള്‍ മാംസമുള്‍പ്പെടെ വിട്ടുപോവുകയും അസ്ഥികള്‍ ചിന്നിച്ചിതറിയ നിലയിലുമായിരുന്നു. വലതുകാലിനും പരിക്കേറ്റിട്ടുണ്ട്. ശക്തമായ രക്തസ്രാവവും കാലിനേറ്റ ഗുരുതരമായ പരിക്കുംമൂലം ജില്ലാ ആശുപത്രിയില്‍നിന്നും ലാലുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related posts