ന്യൂഡൽഹി: രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നു നീതി ആയോഗും സാന്പത്തിക വിദഗ്ധരും. ഇന്ത്യ കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകയാണെന്നു നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനവും അക്രമോത്സുക ദേശീയതയും രാജ്യത്തെ നിക്ഷേപസാഹചര്യത്തിനു മീതെ ഭീതിപരത്തിയെന്നും നിക്ഷേപകർ പുറംതിരിഞ്ഞു തുടങ്ങിയെന്നും രാജ്യത്തെ പ്രമുഖ സാന്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകി.
അതേസമയം, സാമ്പത്തികരംഗത്ത് ഒരു കുഴപ്പവുമില്ല എന്ന അവകാശവാദത്തിലാണു കേന്ദ്രസർക്കാർ. സാന്പത്തികരംഗം അടച്ചുറപ്പോടെയിരിക്കുകയാണെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
കേന്ദ്രബജറ്റിൽ അതിസന്പന്നർക്ക് ഏർപ്പടുത്തിയ അധിക സർചാർജിൽനിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കിയിരുന്നു. രണ്ടു മുതൽ അഞ്ചു കോടി വരെ രൂപ വാർഷികനികുതി നൽകുന്നവർക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാർഷിക വരുമാനമുള്ളവർക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പർ റിച്ച് ടാക്സ് എന്ന പേരിൽ സർചാർജായി ഈ ബജറ്റിൽ ഏർപ്പെടുത്തിയത്. നിലവിലുള്ള ആദായനികുതിക്കു പുറമെയായിരുന്നു ഇത്.
ഇതേത്തുടർന്ന് എഫ്പിഐ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയത് ഓഹരിവിപണിയെ ഉലച്ചു. ഈ പ്രവണത തുടരുന്നതിനിടെയാണ് കാര്യമായ കുഴപ്പങ്ങളില്ലെന്നു ധനമന്ത്രി അവകാശവാദം നടത്തിയിരിക്കുന്നത്.
ആഗോള സന്പദ്വ്യവസ്ഥയെപ്പറ്റി ആശങ്കയുണ്ടെന്നും എന്നാൽ, അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. യുഎസ്, ജർമനി ഉൾപ്പെടെയുള്ള വൻ സാമ്പത്തികശക്തികൾ വളർച്ചയിൽ കുറവ് രേഖപ്പെടുത്തുന്പോഴും ഇന്ത്യക്കു കാര്യമായ പ്രശ്നമില്ല. വളർച്ചാനിരക്കിൽ ഇവർക്കും മുകളിലാണ് ഇന്ത്യ. ചൈനയുമായി താരതമ്യം ചെയ്യുന്പോഴും ഇന്ത്യയുടെ സന്പദ്വ്യവസ്ഥ വളർച്ചയിലാണ്.
സാന്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുമെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി റീഫണ്ട് വൈകിക്കില്ല. കഴിഞ്ഞ ബജറ്റിൽ കൊണ്ടുവന്ന സൂപ്പർ റിച്ച് ടാക്സിൽനിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.
നികുതി റിട്ടേണ് കൂടുതൽ സുതാര്യമാക്കും. സിഎസ്ആർ വയലേഷൻ ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. സംരംഭകർക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവർത്തനം കേന്ദ്രീകൃത രീതിയിലാക്കും. എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തിൽനിന്നായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
എഴുപതു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി
ന്യൂഡൽഹി: കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ സാന്പത്തികരംഗത്ത് ഇത്രയേറെ സങ്കീർണമായ അവസ്ഥ ഉണ്ടായിട്ടില്ലെന്നു നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. പണം കൈയിൽ വച്ചുകൊണ്ടിരിക്കാനാണ് എല്ലാവരും നോക്കുന്നത്. സ്വകാര്യമേഖലയിൽ ആരും വായ്പ നൽകാൻ തയാറാകുന്നില്ല. അവരുടെ മനസിൽനിന്നു ഭയം നീക്കാനും നിക്ഷേപത്തിനു പ്രോത്സാഹിപ്പിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കേണ്ട തുണ്ടെന്നും രാജീവ് കുമാർ പറഞ്ഞു.
അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന സാന്പത്തിക വളർച്ചാനിരക്കാണ് 2018-19 ലെ 6.8 ശതമാനമെന്നത്. 2009-14ൽ പ്രാബല്യത്തിലായ വിവേചനരഹിത വായ്പാനയത്തോടെയാണ് കുഴപ്പങ്ങൾ ആരംഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014നു ശേഷം നിഷ്ക്രിയ ആസ്തി (എൻപിഎ) വർധിച്ചതോടെ വായ്പ നൽകാനുള്ള ബാങ്കുകളുടെ കഴിവ് കുറഞ്ഞു. ഷാഡോ ബാങ്കുകൾ ഈ വിടവിലേക്കു കടന്നുവന്നു. 25 ശതമാനം വായ്പാവളർച്ചയാണ് ഈ മേഖലയിലുണ്ടായത്. നോണ് ബാങ്കിംഗ് ഫിനാൻസ് കന്പനികൾക്ക് (എൻബിഎഫ്സി) ഈ ഉയർന്ന വായ്പാ വളർച്ച കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനം, ചരക്ക് സേവന നികുതി, പാപ്പരത്ത കോഡ് എന്നിവ സാന്പത്തിക മേഖലയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഇവയെല്ലാം ചേർത്തുപറഞ്ഞാൽ, വളരെ സങ്കീർണമാണു നിലവിലെ സാഹചര്യമെന്നും പ്രശ്നപരിഹാരത്തിന് എളുപ്പമാർഗങ്ങളില്ലെന്നും രാജീവ് കുമാർ ചൂണ്ടിക്കാട്ടി.
സെബി മാത്യു