കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റിക്കാർഡ് ഇനി നിർമലയ്ക്ക് സ്വന്തം. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ടുതവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയും നിർമലയ്ക്കു സ്വന്തം.
മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി. ചിദംബരം 9 തവണയും പ്രണബ് മുഖര്‍ജി എട്ടു പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റിക്കാര്‍ഡ് നിര്‍മലയുടെ പേരിലാണ്.
2020ല്‍ രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം. 2021ല്‍ ടാബ്ലറ്റില് നോക്കി വായിച്ച് പേപ്പര്‍ രഹിത ബജറ്റും അവര്‍ അവതരിപ്പിച്ചു. സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതിയും നിര്‍മലയ്ക്കുണ്ട്. ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുളള ധനമന്ത്രി കൂടിയാണ് നിര്‍മലാ സീതാരാമന്.