സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ കോർപറേഷനുകളിൽ കെട്ടിട നിർമാണ അനുമതിക്കുള്ള സോഫ്റ്റ്വെയറിനു പിഴവില്ലെന്നും അത് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ. സോഫ്റ്റ്വെയർ മുഖേന അപേക്ഷ സമർപ്പിക്കാനും തുടർനടപടിക്കുമുള്ള തടസങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നാലുമാസമായി നഗരങ്ങളിൽ കെട്ടിട നിർമാണങ്ങൾക്ക് അനുമതി നൽകാൻ കഴിയുന്നില്ലെന്ന ഇന്നലത്തെ രാഷ്ട്രദീപിക വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൃത്രിമത്തിനു പഴുതു നൽകാത്ത സോഫ്റ്റ്വെയറാണ് ഐബിപിഎംഎസ്. സുതാര്യമായ ഈ സംവിധാനം പ്രയോജനപ്പെടുത്താതെ അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. സോഫ്റ്റ്വെയറിലൂടെ അപേക്ഷയും രേഖകളും അപ്ലോഡ് ചെയ്യേണ്ടതു ലൈസൻസ്ഡ് എൻജിനിയർമാരാണ്.
അവരിൽ ചിലർക്കും ചില ഉദ്യോഗസ്ഥർക്കും പുതിയ സംവിധാനത്തോടു താത്പര്യമില്ല. അതിന്റെ പേരിൽ ഐബിപിഎംഎസ് സോഫ്റ്റ്വെയർ പിൻവലിക്കില്ല: മന്ത്രി ചൂണ്ടിക്കാട്ടി.ഐബിപിഎംഎസ് സോഫ്റ്റ്വെയർ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്കും ലൈസൻസ്ഡ് എൻജിനിയർമാർക്കും പരിശീലനം നല്കിയതാണ്. ആവശ്യമെങ്കിൽ ഇനിയും പരിശീലനം നല്കുന്നതാണ്.
ഐബിപിഎംഎസ് സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്താത്തതുമൂലം കോർപറേഷനുകളിലെ കെട്ടിടനിർമാണ മേഖലയിലുണ്ടായ സ്തംഭനാവസ്ഥ ഉടനേ പരിഹരിക്കും. നടപടികൾ ആരംഭിക്കാനിരിക്കേയാണ് ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ ഉടനെ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.