സ്റ്റോക്ഹോം: ആർട്ടിഫിഷൽ ഇന്റലിജൻസിലെ (നിർമിതബുദ്ധി) സുപ്രധാന ഘടകമായ ‘മെഷീൻ ലേണിംഗ്’ സാങ്കേതികവിദ്യ വികസിപ്പിക്കാൻ നേതൃത്വം നല്കിയ ജെഫ്രി ഹിന്റൺ (76), ജോൺ ഹോപ്ഫീൽഡ് (91) എന്നീ ശാസ്ത്രജ്ഞർ ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം പങ്കുവച്ചു.
മുഖം തിരിച്ചറിയൽ (ഫേഷ്യൽ റെക്കഗ്നിഷൻ), ഭാഷാ തർജമ തുടങ്ങി ഇന്നു നിത്യജീവിതത്തിന്റെ ഭാഗമായ പല സാങ്കേതികവിദ്യകളും സാധ്യമാക്കിയത് ഇവരുടെ ഗവേഷണങ്ങളാണെന്നു റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് പറഞ്ഞു.
ബ്രിട്ടീഷ്-കനേഡിയൻ വംശജനായ ഹിന്റണിനെ നിർമിതബുദ്ധിയുടെ തലതൊട്ടപ്പൻ എന്നാണു വിളിക്കുന്നത്. 2023ൽ ഗൂഗിളിൽനിന്നു വിരമിച്ച അദ്ദേഹം കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറോന്റോയിൽ പ്രഫസറാണ്. അമേരിക്കക്കാരനായ ഹോപ്ഫീൽഡ്, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലും പ്രഫസറാണ്. 1.1 കോടി സ്വീഡിഷ് ക്രോണർ ( 11 ലക്ഷം ഡോളർ) വരുന്ന സമ്മാനത്തുക ഇരുവരും പങ്കുവയ്ക്കും.
ന്യൂറൽ നെറ്റ്വർക്ക് എന്ന മേഖലയിൽ പ്രഫ. ഹിന്റൺ നടത്തിയ ഗവേഷണങ്ങളാണ് ചാറ്റ്ജിപിടി പോലുള്ള നിർമിതബുദ്ധി സംവിധാനങ്ങൾ യാഥാർഥ്യമാക്കിയത്.
നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ, മനുഷ്യന്റെ തലച്ചോറിനു സമാനമായി വിവരങ്ങൾ (ഡേറ്റകൾ) വിശകലനം ചെയ്ത് പഠിക്കാനും തീരുമാനങ്ങളെടുക്കാനും കഴിയുന്ന ഭാഗമാണ് ന്യൂറൽ നെറ്റ്വർക്കുകൾ. ഇന്ന് സ്റ്റോക്ഹോമിൽ രസതന്ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.