തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെയും ഗ്ലൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെ വിൽപനയും വിതരണവും ഉപയോഗവും നിരോധിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവനയിലൂടെ നിയമസഭയെ അറിയിച്ചു. രണ്ടുമാസത്തേക്കാണു നിരോധനം. കാർഷിക സർവകലാശാലയുടെ പഠനറിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗ്ലൈഫോസേറ്റിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്ലൈഫോസേറ്റിന് പഞ്ചാബിലും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇൻസെക്ടി സൈഡ് ആക്ട് അനുസരിച്ചാണ് ഇപ്പോഴത്തെ നിരോധനമെന്നും അദ്ദേഹം പറഞ്ഞു.
ജലാശയങ്ങൾ കൂടുതലുള്ള കേരളത്തിൽ ഇത്തരം കളനാശിനികളുടെ അനിയന്ത്രിത ഉപയോഗം പൊതുജനാരോഗ്യത്തിനും ആവാസ വ്യവസ്ഥയ്ക്കും ദേഷം ചെയ്യുന്നുവെന്നു കഴിഞ്ഞ മാസം ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. തിരുവല്ലയിൽ നെല്ലിന് മരുന്നുതളിച്ച രണ്ടുതൊഴിലാളികൾ മരിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം വിളിച്ചത്.
കൃഷിഭവനിൽനിന്നുള്ള കുറിപ്പടിയില്ലാതെ കീടനാശിനികൾ വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. മരുന്നുകന്പനികൾ നേരിട്ട് കർഷകർക്ക് കീടനാശിനികളും കള, കുമിൾ നാശിനികളും നേരിട്ട് വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. കമ്പനികളുടെ പ്രതിനിധികൾ ഫീൽഡ് ഓഫീസർമാർ എന്ന പേരിൽ കർഷകരുടെ യോഗം വിളിക്കാനും കർഷകരുടെ വീടുകളും കടകളും സന്ദർശിച്ച് മരുന്നിനെക്കുറിച്ച് പ്രചാരണം നടത്തി വിൽക്കുന്നതും പാടില്ല.
വിലക്ക് ലംഘിക്കുന്ന കന്പനികൾക്കും കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ നിയന്ത്രിത കീടനാശിനികൾ വിൽക്കുന്ന കച്ചവടക്കാർക്കുമെതിരെ കർശനനടപടി എടുക്കും. കീടനാശിനി തളിക്കുന്ന തൊഴിലാളികൾക്ക് 25 നകം കൃഷിഭവനുകൾ വഴി പരിശീലനം നല്കും.
ക്വാളിറ്റി കണ്ട്രോൾ എൻഫോഴ്സ്മെന്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ പരിമിതി പരിഹരിക്കുന്നതിന് സംസ്ഥാനതലത്തിൽ ഒരു എൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കും. കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി മിത്ര കീടങ്ങളെ വളർത്തുന്ന കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. ജൈവ കീട, കുമിൾ നാശിനികളുടെ ഉപയോഗം 2015-16 വർഷത്തെ അപേക്ഷിച്ച് 15.47 വർധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.