പൂക്കോട്ടുംപാടം: നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ 85 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി നാലുപേർ പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായി. അരീക്കോട് സ്വദേശികളായ കുനിയിൽ കൊക്കഞ്ചേരി വീട്ടിൽ മൻസൂർ അലി(30), കുറ്റിളിയിൽ മത്തങ്ങാപൊയിൽ ദിപിൻ(31), മുക്കം എരഞ്ഞിമാവ് സ്വദേശികളായ തെഞ്ചീരിപറന്പ് കോലോത്തുംതൊടിക റഫീഖ്(28), തെഞ്ചീരിപ്പറന്പിൽ അൻസാർ(29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
അമരന്പലം, വണ്ടൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അമരന്പലം പാലത്തിനു സമീപത്തു നിന്നും പ്രതികൾ സഞ്ചരിച്ച കാർ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിൽ നിന്ന് നിരോധിച്ച 500 രൂപയുടെ 108 കെട്ടുകളും 1000 രൂപയുടെ 30 കെട്ടുകളും കണ്ടെത്തിയത്.
ഒരു കോടി രൂപയ്ക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നൽകാമെന്ന നിലയിലാണ് ഇടപാട് നടത്തുന്നതെന്നും വയനാട്, താമരശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തുക കൈമാറിയതെന്നും പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.