പെരിന്തൽമണ്ണ: 2.46 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഭിഭാഷകനുൾപ്പെടെ ആറംഗസംഘം പിടിയിൽ. പണം കൈമാറാൻ കാറിൽ തോക്ക് ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ സംഘമാണു പെരിന്തൽമണ്ണയിൽ പിടിയിലായത്.
തിരുവനന്തപുരം ബാലരാമപുരം അലീഫ് മൻസിലിൽ മുഹമ്മദ് അൻസ് (39), അഭിഭാഷകനായ തിരുവനന്തപുരം വള്ളക്കടവ് ശ്രീവിലാസിൽ കണ്ണൻ കൃഷ്ണകുമാർ (33), ബീമാ പള്ളി സ്വദേശി മുഹമ്മദ് ഷാൻ (36), പൂങ്കോട് സ്വദേശി മരുതനാംവിളകാം അച്ചു (26), ബീമാ പള്ളി അൻസാറുദീൻ (26), മലപ്പുറം ജില്ലയിലെ അരീക്കോട് വിളയിൽ തെക്കേയിൽ അബ്ദുൾ നാസർ (29) എന്നിവരെയാണ് പെരിന്തൽമണ്ണയിൽ വച്ച് പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു കാറുകളിലെത്തിയ സംഘത്തെ വലയിൽ വീഴ്ത്തിയത്.
കാറിൽ ഒളിപ്പിച്ച നിലയിൽ രണ്ടു കോടി നാൽപ്പത്തിയാറു ലക്ഷം രൂപ മൂല്യമുള്ള ആയിരം രൂപയുടെ നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്.അരീക്കോട്ടെ ചില ഏജന്റുമാർ മുഖേന തിരുവനന്തപുരം ഭാഗത്തുള്ള സംഘങ്ങളുമായി ബന്ധപ്പെട്ടു കമ്മീഷൻ വ്യവസ്ഥയിൽ അസാധുനോട്ടുകൾ മാറ്റിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് ഇവരിൽനിന്നു വിവരം ലഭിച്ചു.
സംഘം സഞ്ചരിച്ച കാറിൽനിന്നു കണ്ടെടുത്ത എയർപിസ്റ്റളിനെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതായും ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ അറിയിച്ചു.