അമേരിക്കയിലെ പെണ്ണുങ്ങളെ കണ്ടിക്കാ! മടിച്ചി എന്ന് വിളിച്ച ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ഒരു പണിയും ചെയ്യാതെ ഭാര്യ, വീടിന്റെ അവസ്ഥ

കുട്ടികൾ വീട് വൃത്തികേടാക്കിയാലോ, അല്ലെങ്കിൽ വീട്ടിലെ മറ്റാരെങ്കിലും അത് ചെയ്താലോ ഒക്കെ പഴി കേൾക്കുന്നത് ചിലപ്പോഴെല്ലാം വീട്ടിലെ സ്ത്രീകളായിരിക്കും.

ഇന്ന് അതിൽ ഏറെക്കുറെ മാറ്റം വന്നിട്ടുണ്ടെങ്കിലും, ആ പഴയ ചിന്താഗതി വച്ച് പുലർത്തുന്ന ആളുകൾ സമൂഹത്തിൽ ഇന്നുമുണ്ട്, അതിനി ഇന്ത്യയിലായാലും, അങ്ങ് അമേരിക്കയിലായാലും.

വീട് വൃത്തിയാക്കേണ്ടത് ഭാര്യയുടെയും, ഭർത്താവിന്റെയും തുല്യ ഉത്തരവാദിത്വമാണ്, മക്കളുണ്ടെങ്കിൽ അവരുടെയും. എന്നാൽ, പലപ്പോഴും അത് ഭാര്യയുടെ കടമയായി മാത്രം കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് അതിനൊരു ഉദാഹരമാണ്. വീട് വൃത്തിയാക്കി വയ്ക്കുന്നില്ലെന്ന് ഭർത്താവ് ആരോപിച്ചതിനെത്തുടർന്ന് ഒരു ഭാര്യ സമരത്തിനിറങ്ങി.

അവൾ അതിന്റെ വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തു. ഒടുവിൽ അയാൾക്ക് തന്നെ തിരിച്ചടിയാവുന്ന അവസ്ഥയിലായി കാര്യങ്ങൾ.

മിസ്സിസ് മെസ്സി എന്ന പേരിൽ അറിയപ്പെടുന്ന അവൾ താമസിക്കുന്നത് യുഎസിലാണെങ്കിലും, സ്വദേശം യുക്രൈനാണ്.

താൻ വീട് വൃത്തികേടാക്കാറില്ലെന്നും, ഭാര്യയാണ് മടിച്ചിയെന്നും അയാൾ ഭാര്യയെ കുറ്റപ്പെടുത്തി. തുടർന്ന് ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാൻ ഭാര്യയും തീരുമാനിച്ചു.

താൻ വീട് വൃത്തിയാക്കിയില്ലെങ്കിൽ, വീടിന്റെ ശരിക്കുള്ള അവസ്ഥ എന്താണെന്ന് ഭർത്താവിനെ കാണിച്ച് കൊടുക്കാൻ തന്നെ അവൾ തീരുമാനിച്ചു.

അവൾ വീട് വൃത്തിയാക്കുന്നത് നിർത്തി വച്ചു. പിന്നീടുള്ള വീടിന്റെ കോലം അവൾ ടിക് ടോക്കിൽ പങ്കിട്ടു.  

“നിന്നെ പോലെ ഒരു മടിച്ചിയെ ഞാൻ കണ്ടിട്ടേയില്ല എന്നാണ് ഭർത്താവ് എന്നോട് പറഞ്ഞത്. ഞാൻ ശരിക്കും ഒന്നും ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അദ്ദേഹത്തിന് ഒന്ന് കാണിച്ചുകൊടുക്കണമെന്ന് എനിക്കും തോന്നി.

അങ്ങനെ വീട് വൃത്തിയാക്കുന്ന പരിപാടി തത്കാലം നിർത്തി” ഒരു വൈറൽ ടിക് ടോക്ക് വീഡിയോയിൽ യുവതി പറഞ്ഞു.

അങ്ങനെ കഴുകിയ വസ്ത്രങ്ങൾ എല്ലാം അവൾ ഒരിടത്ത് കൂട്ടിയിടാൻ തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അത് ഒരു കുന്നോളമായി. അതിൽ ഭൂരിഭാഗവും ഭർത്താവിന്റെയും, കുട്ടികളുടെയും വസ്ത്രങ്ങളായിരുന്നു.

അലക്കാത്ത വസ്ത്രങ്ങൾ, എച്ചിൽ പാത്രങ്ങൾ എന്നിവയുൾപ്പെടെ തന്റെ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന പലതിന്റെയും വീഡിയോകൾ മിസ്സിസ് മെസ്സി പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു.

അതിലൊരു വീഡിയോയിൽ, തന്റെ പണിമുടക്ക് കാരണം ഭർത്താവ് തന്റെ ശുചീകരണ സാമഗ്രികളെല്ലാം വലിച്ചെറിഞ്ഞുവെന്നും അവൾ പറയുന്നു.

മൂന്നാമത്തെ ആഴ്ചയായപ്പോഴേക്കും വീട് തീർത്തും വൃത്തിഹീനമായി. ഇത് എല്ലാം കണ്ട് അസ്വസ്ഥനായി അയാൾ തന്റെ അമ്മയോടൊപ്പം താമസിക്കാൻ മൂന്നാഴ്ചത്തേക്ക് യൂറോപ്പിൽ പോയെന്നാണ് ഒടുവിലത്തെ വീഡിയോയിൽ അവൾ പറഞ്ഞത്. 

വീട്ടിലെ എല്ലാ അംഗങ്ങളും സഹായിച്ചാൽ വീട് എല്ലായ്പ്പോഴും വൃത്തിയായി ഇരിക്കുമെന്നും, എന്നാൽ ഇത് എങ്ങനെ തന്റെ ഭർത്താവിനെ പറഞ്ഞ് മനസ്സിലാകുമെന്ന് അറിയില്ലെന്നും അവൾ പറയുന്നു.  

എന്നാൽ ഇൻറർനെറ്റിൽ ആളുകൾ ഭർത്താവിന്റെ ഈ പെരുമാറ്റ രീതിയെ വലിയ രീതിയിൽ വിമർശിക്കുകയാണ്.  ഇത്രയൊന്നും തർക്കിക്കേണ്ട ആവശ്യമില്ല, അയാളെ ഉപേക്ഷിച്ചേക്കൂ എന്നാണ് അതിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും വലിയ അഴുക്കായ അയാളെ എടുത്ത് കളഞ്ഞാൽ വീട് വൃത്തിയാകുമെന്നും മറ്റൊരാൾ എഴുതി.  

Related posts

Leave a Comment