ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കുറ്റവാളികളുടെ അഭിഭാഷകരുടെ നീക്കം.
എന്നാൽ വിധി പ്രഖ്യാപിച്ചിട്ടും വിധിപ്പകർപ്പ് ഡൽഹി ഹൈക്കോടതി ഇത് വരെ കൈമാറിയിട്ടില്ല.
കുറ്റവാളികളുടെ അഭിഭാഷകൻ എ.പി. സിംഗ് സുപ്രീം കോടതി രജിസ്ട്രാറുടെ വീട്ടിലെത്തി. ഉത്തരവ് കിട്ടിയില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് എ.പി. സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ, ഹൈക്കോടതി ഹർജി തള്ളിയ ശേഷവും പ്രതിഭാഗം വാദം തുടർന്നുവെങ്കിലും പുലർച്ചെ വരെ വാദിച്ചാലും വിധി മാറില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ വിധി വന്നാലുടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് എ.പി. സിംഗ് പറഞ്ഞത്.
സുപ്രീം കോടതിക്കു മുന്നിൽ പ്രതിഭാഗം അഭിഭാഷകനെതിരേ പ്രതിഷേധം
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ ഹർജി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ. പ്രതിഭാഗം അഭിഭാഷകൻ എ.പി. സിംഗിനെതിരേ പ്രതിഷേധമുണ്ടായി.
സ്ത്രീകളെ അതിക്രമിക്കുന്നവരെ അനുകൂലിക്കുകയാണ് എ.പി. സിംഗെന്നും ഇയാളെ അഭിഭാഷകനായി കോടതിയിൽ കയറ്റരുതെന്നും ചൂണ്ടിക്കാട്ടി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
പോലീസും മറ്റ് അഭിഭാഷകരും ചേർന്നാണ് പ്രതിഷേധക്കാരെ പിന്നീട് ഇവിടെനിന്നും മാറ്റിയത്.