സിജോ പൈനാടത്ത്
കൊച്ചി: പതിമൂന്നിനു ക്രിസ്മസ് പരീക്ഷ തുടങ്ങും; എസ്എസ്എൽസി പരീക്ഷയ്ക്കു നാളേറെയില്ല. പക്ഷേ, കടലേറ്റത്തിൽ പാതി തകർന്ന വീട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ ദുർഗന്ധം സഹിച്ചു നിസയ്ക്കു പഠിക്കാനാവുന്നില്ല. കടലെടുത്തത് അവളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും യൂണിഫോമും മാത്രമല്ല, ഒരു പത്താം ക്ലാസുകാരിയുടെ പഠിക്കാനുള്ള ആവേശം കൂടിയായിരുന്നു.
കൊച്ചി ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കെ.ജെ. നിസ മെറീനയുടെ പഠനജീവിതത്തിലാണു കടൽക്ഷോഭം സങ്കടത്തിരകളായത്. സാമൂഹ്യശാസ്ത്രത്തിന്റെയും ഫിസിക്സിന്റെയും പുസ്തകങ്ങളും മാസങ്ങളോളമെഴുതിയ നോട്ടുബുക്കുകളും കടലെടുത്തു. പഠിക്കുന്ന സ്കൂൾ ദുരിതാശ്വാസ ക്യാന്പും നാട്ടുകാരുടെ സമരവേദിയുമാണിന്ന്.
മാതാപിതാക്കളായ ജോബിനും ഷൈജിക്കുമൊപ്പം ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന നിസയ്ക്കു പുതിയ പുസ്തകങ്ങളും പഠനസാമഗ്രികളും അധ്യാപകർ സംഘടിപ്പിച്ചു നൽകി. മുൻ പരീക്ഷകൾക്കു മികച്ച മാർക്കുണ്ടായിരുന്നു നിസയ്ക്ക്. ഇനി കൂട്ടുകാരികളുടെ നോട്ടുബുക്കുകളെല്ലാം പകർത്തണം.
തളരരുത്, പഠിച്ചു മിടുക്കിയാവണമെന്നു നിരന്തരമായി ഓർമിപ്പിച്ചു പൂർണ പിന്തുണയുമായി പ്രധാനധ്യാപകൻ കെ.ജെ. ഫ്രാൻസിസും ക്ലാസ് ടീച്ചർ മേരി ആൻ പ്രീതി ബാസ്റ്റിനും സമരഭൂമിയിലെ നാട്ടുകാരും കൂട്ടുകാരും നിസയ്ക്കൊപ്പമുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന പത്താം ക്ലാസ് വിദ്യാർഥികൾക്കായി സ്കൂളിൽ പ്രത്യേകം ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
കടലിൽ നിന്ന് ഇരുനൂറു മീറ്റർ മാറി ചെല്ലാനം ബസാർ ജംഗ്ഷനടുത്താണു നിസയുടെ വീട്. എന്നിട്ടും വീടിനകത്തേക്കു വെള്ളം ഇരച്ചുകയറി; ഉപ്പുവെള്ളം കയറി അലമാരയുൾപ്പടെ വീട്ടുപകരണങ്ങൾ പലതും നശിച്ചു. ദുരന്തത്തിൽ പ്ലസ്ടു വിദ്യാർഥിനിയായ സഹോദരി നിയയുടെയും പരീക്ഷ ഹാൾ ടിക്കറ്റും ഏതാനും പുസ്തകങ്ങളും നഷ്ടമായിരുന്നു.