ഒരു സർക്കാർ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ(49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം റിലീസ് ചെയ്യാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെയാണ് നിസാമിന്റെ അപ്രതീക്ഷിത വിയോഗം. സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി എന്ന സിനിമകൾക്കും നിസാം തിരക്കഥയൊരുക്കിയിട്ടുണ്ട്.
ആദ്യം സിനിമയുടെ പേര് ഒരു ഭാരത സര്‍ക്കാര്‍ ഉല്പന്നം എന്നായിരുന്നു. എന്നാൽ സിനിമയുടെ പേരിൽ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചു. ട്രെയിലര്‍ പിന്‍വലിക്കാനും നിര്‍ദേശിച്ചു.
തുടർന്ന് ഭാരത എന്ന വാക്കിനു മുകളിൽ കറുത്ത കടലാസ് ഒട്ടിച്ച് അണിയറ പ്രവർത്തകർ പ്രതിഷേധം നടത്തി. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. സർക്കാരിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമത്തിൽ ചാലിച്ച ആഖ്യാനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.