മുംബൈ: നിസർഗ ചുഴലികൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മുംബൈ നിവാസികളോട് വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
ഈ രണ്ട് ദിവസം വീടുകളിൽ തന്നെ തുടരണം. ആളുകൾ ജാഗ്രത പാലിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നഗരത്തിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ വൈദ്യുതി മുടക്കം നേരിടാൻ തയാറാകണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
മൊബൈൽ ഫോണുകളും മറ്റും നേരത്തെ ചാർജ് ചെയ്യണം. എമർജൻസി ലൈറ്റുകളും ചാർജ് ചെയ്ത് സൂക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ചുഴലിക്കാറ്റ് ഇതുവരെ സംസ്ഥാനം നേരിട്ടതിനേക്കാൾ കഠിനമായിരിക്കും. ഇന്നും നാളെയും നിർണായകമാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച സ്ഥലങ്ങളിലും പ്രവർത്തനങ്ങൾക്ക് രണ്ട് ദിവസത്തേക്ക് ഇളവ് ഉണ്ടായിരിക്കില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
110 കിലോമീറ്റർ വേഗം
129 വർഷത്തിനുശേഷമാണ് മുംബൈ നഗരം ചുഴലികൊടുങ്കാറ്റിന്റെ ആക്രമണം നേരിടാൻ തയാറെടുക്കുന്നത്. 110 കിലോമീറ്റർ വേഗത്തിലുള്ള കാറ്റുമായാണ് നിസർഗ ചുഴലിക്കാറ്റ് വീശുക. അറബിക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ഇന്നലെ ചുഴലിക്കാറ്റായി. ഇന്നു തീവ്ര ചുഴലിക്കാറ്റാകും.
ഉച്ചയ്ക്കു ശേഷം റായ്ഗഡ്, പാൽഘർ, താനെ, മുംബൈ, വൽസാഡ്, നവസരി എന്നിവിടങ്ങളിലും ഗുജറാത്തിലെ സൂറത്ത്-ഭവനഗർ മേഖലകളിലും ഇതു ക രയ്ക്കടിയും.
മുംബൈ നഗരത്തിലെ ചേരിവാസികളോടും തെരുവിലെ താമസക്കാരോടും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ ആവശ്യപ്പെട്ടു. രണ്ടായിരത്തോളം കോവിഡ് രോഗികളെയും മാറ്റേണ്ടി വന്നു.
ഉത്തര മഹാരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് തീരങ്ങളിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റും മഴയും മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ ഗുജറാത്ത് തീരത്തെ ഭവ നഗർ വരെ കനത്ത നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
താത്കാലിക കെട്ടിടങ്ങൾ, വഴിയരികിലുള്ള ഹോർഡിംഗുകൾ എന്നിവ നിലംപൊത്തും. മുൻകരുതൽ നടപടികളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ 33 സംഘങ്ങളെ ഇരുസംസ്ഥാനങ്ങളിലും വിന്യസിച്ചു.
നാളെ മധ്യപ്രദേശിൽ
മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നല്കി. ഗുജറാത്ത് തീരത്ത് മഴ കനത്തതോടെ വൽസാഡ്, നവസരി ജില്ലകളിലെ 47 ഗ്രാമങ്ങളിലുള്ള ഇരുപതിനായിരത്തോളം പേരെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി.ചുഴലിക്കാറ്റ് നാളെ മധ്യപ്രദേശിൽ പ്രവേശിച്ച് ദുർബലമാകും.
അറബിക്കടലിൽ പൊതുവേ ചുഴലിക്കൊടുങ്കാറ്റുകൾ കുറവാണ്. ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കോ പശ്ചിമേഷ്യയിലേക്കോ പോകുകയാണു പതിവ്. മുംബൈ, കൊങ്കൺ, വടക്കൻ മഹാരാഷ്ട്രമേഖലയിലേക്ക് കാറ്റ് വരുന്നത് അത്യപൂർവമാണ്.
1882-ൽ ഒരു ലക്ഷത്തിലേറെപ്പേരുടെ ജീവനെടുത്ത ചുഴ ലിക്കൊടുങ്കാറ്റാണ് ഇന്നടിക്കുന്ന നിസർഗയ്ക്കു മുമ്പ് ഈ മഹാനഗരത്തിൽ ആഞ്ഞു വീശിയിട്ടുള്ളത്. 2009-ൽ ഫ്യാൻ ചുഴലിക്കാറ്റ് വരുമെന്നു മുന്നറിയിപ്പു ണ്ടായിരുന്നെങ്കിലും അതു വഴി മാറിപ്പോയി.