തിരുവനന്തപുരം: കേരളതീരത്തിനു സമീപം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മൂലം സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അതിതീവ്രമാകുന്ന ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും.
ബുധനാഴ്ച വൈകുന്നേരത്തോടെ “നിസർഗ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് വടക്കൻ മഹാരാഷ്ട്രയ്ക്കും-തെക്കൻ ഗുജറാത്ത് തീരത്തിനുമിടയ്ക്ക് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
ശക്തമായ മഴയ്ക്കൊപ്പം ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട ്. കേരളതീരത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.
ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. 2018, 2019 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും, ഉരുൾ പൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.