മലപ്പുറം: ആ വാച്ചുകൾ എപ്പോഴും ഓടിക്കൊണ്ടിരിക്കണമെന്നു നിസാറുദീനു നിർബന്ധമുണ്ട്. തിരുവനന്തപുരത്തു നിന്നു മലപ്പുറത്തെ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ അദ്ദേഹം എത്തിയത് ഈ നിർബന്ധം മൂലമാണ്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ ദിനത്തിലാണ് ഇത്തവണ നിസാറുദീൻ കൊടപ്പനക്കലിൽ എത്തിയത്. ശിഹാബ് തങ്ങൾ ജീവിച്ചിരിക്കുന്പോൾ അദ്ദേഹത്തിന്റെ ശേഖരത്തിലെ വാച്ചുകൾ റിപ്പയർ ചെയ്തിരുന്നത് തിരുവനന്തപുരം മണക്കാട് സ്വദേശിയായ നിസാറുദീനായിരുന്നു.
തങ്ങൾ വിടപറഞ്ഞിട്ടു പത്തുവർഷം തികഞ്ഞ ഇന്നലെ നിസാറുദീൻ കൊടപ്പനക്കലിൽ എത്തിയത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ശിഹാബ് തങ്ങളുടെ വാച്ച് ശേഖരം ഏറെ ശ്രദ്ധേയമായതാണ്. സ്വദേശത്തും വിദേശത്തും അദ്ദേഹം യാത്ര ചെയ്തിരുന്നപ്പോൾ തങ്ങൾ വില കൊടുത്തു വാങ്ങിയവയും സ്നേഹസമ്മാനമായി ലഭിച്ചവയും ഇവയിലുണ്ട്.
150 രൂപ മുതൽ ലക്ഷങ്ങൾ വില വരുന്ന വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്. ഈ വാച്ചുകൾ റിപ്പയർ ചെയ്യുന്നതിനായി നിസാറുദീനെയാണ് ശിഹാബ് തങ്ങൾ വിളിച്ചിരുന്നത്. കൊരന്പയിൽ അഹമ്മദ് ഹാജിയുമായുള്ള പരിചയമാണ് നിസാറുദീനെ തങ്ങളുമായി അടുപ്പിച്ചത്. ഏതെങ്കിലും ഒരു വാച്ച് കേടായാൽ തങ്ങളുടെ വിളി നിസാറുദീനെ തേടിയെത്തുകയും ചെയ്യും.
തങ്ങളുടെ വിയോഗത്തെ തുടർന്നു വിദേശത്തേക്കു ജോലി തേടിപ്പോയ നിസാറുദീൻ രണ്ടു വർഷങ്ങൾക്കു മുന്പാണ് നാട്ടിലേക്കു തിരിച്ചെത്തിയത്. തങ്ങളുടെ മരണ ശേഷവും പാണക്കാട് കുടുംബവുമായി അദ്ദേഹം ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ശിഹാബ് തങ്ങൾക്കു വാച്ചുകളോടുള്ള സ്നേഹവും കരുതലും നിസാറുദീൻ അനുസ്്മരിച്ചു. വാച്ചുകൾ നന്നാക്കാനായി പാണക്കാട് എത്താൻ തങ്ങൾ ആവശ്യപ്പെടാറുണ്ടായിരുന്നു.
റിപ്പയറിംഗ് നടത്തുന്പോൾ തങ്ങൾ ശ്രദ്ധയോടെ നോക്കിയിരിക്കും. ശേഖരത്തിലെ ഓരോ വാച്ചുകളും തങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നുവെന്നു നിസാറുദീൻ പറഞ്ഞു. ശിഹാബ് തങ്ങൾ ഉപയോഗിച്ചിരുന്ന റാഡോ വാച്ച് ആണ് നിസാറുദീൻ ആദ്യം റിപ്പയർ ചെയ്തത്.
റോളക്സ് വാച്ചിനോടായിരുന്നു അദ്ദേഹത്തിനു ഏറെ പ്രിയം. തങ്ങളുടെ കാലശേഷം മകൻ മുനവറലി ശിഹാബ് തങ്ങളാണ് വാച്ചുകൾ സൂക്ഷിച്ചുവരുന്നത്. കഴിയുന്നത്ര വാച്ചുകളും ക്ലോക്കുകളും നന്നാക്കാനാണ് നിസാറുദീന്റെ തീരുമാനം.