കരുളായി: കാട്ടിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും ചികിൽസ കിട്ടാതെ മരിച്ചു. വിവരം ആരോഗ്യ പ്രവർത്തകർ അറിഞ്ഞപ്പോഴേക്കും സംസ്കാരവും കഴിഞ്ഞു.
നിലമ്പൂർ കരുളായിയിൽ നിന്ന് ഇരുപതു കിലോമീറ്റർ അകലെ ഉൾവനത്തിലെ മണ്ണളയിൽ താമസിക്കുന്ന പ്രാക്തന ഗോത്ര വർഗത്തിൽപ്പെട്ട മോഹനന്റെ ഭാര്യ നിഷ (ചക്കി -38)യും മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞുമാണ് മരിച്ചത്.
കുഞ്ഞിനെ മുലയൂട്ടി അൽപ്പസമയത്തിനകം നിഷ മരിക്കുകയായിരുന്നു. കുടുംബം കുഞ്ഞിനെ നോക്കിയെങ്കിലും കുഞ്ഞും മരിച്ചു. കുഞ്ഞിന്റെ മൂക്കിൽനിന്ന് രക്തം പുറത്തുവന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗർഭിണിയായിരിക്കെ നിഷയ്ക്ക് വേണ്ടത്ര ചികിത്സ ലഭിച്ചിരുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മാഞ്ചീരിയിൽ ക്യാമ്പ് നടത്താൻ പോയ മൊബൈൽ ട്രൈബൽ മെഡിക്കൽ ഓഫീസർ ഇവരുടെ ബന്ധുക്കളെ കണ്ടിരുന്നു.
കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവരുടെ സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തു. വ്യാഴാഴ്ച ഇവരോട് ആശുപത്രിയിലെത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇവരെ കാണാത്തതിനെത്തുടർന്ന് ഡോക്ടർ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് നിഷ പ്രസവിച്ചതും മരിച്ചതും അറിയുന്നത്. പ്രസവം ആശുപത്രിയിലാക്കണമെന്നാണ് സർക്കാർ നയമെങ്കിലും കരുളായി വനമേഖലയിൽ പലപ്പോഴും അതു നടക്കാറില്ല.
ഇവർ മറ്റു ചികിൽസ തേടിയെത്തുമ്പോഴാണ് പ്രസവക്കാര്യം അധികൃതർ അറിയാറുള്ളത്. സംഭവത്തെ കുറിച്ച് പട്ടിക വിഭാഗ വകുപ്പും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.