കോട്ടയം: നിഷ ജോസ് കെ. മാണിയുടെ “ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമർശത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി.സി.ജോർജ് എംഎൽഎയുടെ മകൻ ഷോണ്‍ ജോർജ് നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കില്ല. ഷോണിന്റെ പരാതി പോലീസിന്റെ അന്വേഷണ പരിധിയിൽ വരില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോർജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നൽകിയിരുന്നു.
പുസ്തകത്തിൽ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരിക്കുന്ന യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലും പരാമർശമുണ്ടായതോടെയാണു പരാതി നൽകാൻ തീരുമാനിച്ചതെന്നു ഷോണ്‍ പറഞ്ഞു.