ജോമി കുര്യാക്കോസ്
കോട്ടയം: തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതില്‍ ഉറച്ചു നില്ക്കുന്നതായി നിഷ ജോസ് കെ. മാണി. കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയ നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ആരോപണങ്ങളില്‍നിന്നും പിന്മാറില്ലെന്നും നിഷ ജോസ് വ്യക്തമാക്കി.
പുസ്തകത്തില്‍ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരിക്കുന്ന യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പരാമര്ശമുണ്ടായതിനെത്തുടര്ന്നു ഷോണ്‍ ജോര്‍ജ് ഡിജിപിയ്ക്കു നല്കിയ പരാതി തിരുവനന്തപുരം റെയില്‍വേ പോലീസിനു കൈമാറി.
പരാതിയില്‍ ആദ്യം നടപടി സ്വീകരിക്കാതിരുന്ന ഡിജിപി ഇന്നാണ് ഇതുസംബന്ധിച്ച നടപടിക്കായി പരാതി റെയില്‍വേ പോലീസിനു കൈമാറിയത്. നിഷ ജോസ് കെ. മാണി യുവരാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തണം. വിവിധ കോണുകളില്‍നിന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ന്നുള്ള അന്വേഷണത്തിനാണ് ഡിജിപി പരാതി റെയില്‍വേ പോലീസിനു കൈമാറിയത്.
റെയില്‍വേ പോലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചേക്കും. തനിക്കെതിരെ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും പുസ്തക പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും നിഷ പ്രതീകരിച്ചു. പുസ്തകപരാമര്ശത്തില്നിന്നും പിന്മാറുന്നതായി നവമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും നിഷ ഫെയ്സ് ബുക്കിലൂടെ പ്രതീകരിച്ചു.
തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഒരു യുവനേതാവ് പീഡിപ്പിക്കുവാന്‍ ശ്രമിച്ചെന്നായിരുന്നു നിഷയുടെ പരാമര്‍ശം.