ജോമി കുര്യാക്കോസ്
നിഷ ആ പേര് വെളിപ്പെടുത്തട്ടെ, എന്റെ പേര് നിഷ പറയാത്തിടത്തോളം കാലം ഞാന്‍ മറുപടി പറയേണ്ടതില്ല. വ്യാഴാഴ്ച പുറത്തിറങ്ങിയ നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവനേതാവില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു പരാമര്‍ശം വിവാദമായതോടെ പ്രതികരിക്കുകയായിരുന്നു ആരോപണ വിധേയനായ യുവനേതാവ്.
ആരോപണങ്ങള്‍ തനിക്കുനേരെ ചൂണ്ടുന്ന വിരലുകളാണെന്നു തോന്നുന്നതായും അദ്ദേഹം ആരോപിച്ചു. ചെറികിട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ പേര് ഉപയോഗിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും.
വാര്‍ത്തയില്‍ എന്നെക്കുറിച്ചു പറയുന്നതില്‍ ഒരു സത്യവുമില്ല എന്റെ അമ്മായിഅപ്പന് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിഞ്ഞിട്ടില്ല, മറ്റു സൂചനകളൊന്നും എനിക്ക് ബാധകമല്ല. പരിചയപ്പെട്ടു എന്നു പറയുന്നതും തെറ്റാണ് 15 വര്‍ഷങ്ങള്‍ക്കു മുമ്പു പരിചയപ്പെട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കാം.
എനിക്കു അവരെ നന്നായി അറിയാം. അവര്‍ക്കും എന്നെ അറിയാം. വീട്ടില്‍ ഇക്കാര്യം കേട്ടപ്പോള്‍ ഭാര്യയും അമ്മയും ചിരിക്കുകയായിരുന്നു, യുവനേതാവ് പറഞ്ഞുനിര്‍ത്തി.
നിഷയുടെ ഭര്‍ത്താവ് എംപിയാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കു നേരെയുണ്ടായ അതിക്രമം തടയുകയോ, അക്രമിയ്ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത അദ്ദേഹമാണോ സ്ത്രീ ജനങ്ങളുടെ സംരക്ഷകനാകുന്നത്. നിലവില്‍ ആരോപണം ഉന്നയിക്കുന്ന സാഹചര്യങ്ങള്‍ എനിക്കുനേരെയാണ് സൂചനകള്‍. രണ്ടു മൂന്നു ദിവസങ്ങള്‍ കൂടി ക്ഷമിക്കും.
അതിനുള്ളില്‍ ആ വ്യക്തിയുടെ പേര് നിഷ തന്നെ വെളിപ്പെടുത്തണം. അല്ലാത്ത പക്ഷം തുടര്‍ നടപടികളുമായി മുന്നോട്ട് നീങ്ങും. പേര് പറയിപ്പിക്കാതെ പിന്മാറില്ലെന്നും ആരോപണവിധേയനായ യുവരാഷ്ട്രീയ നേതാവ് പ്രതീകരിച്ചു.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി പി.സി. ജോര്‍ജ് എംഎല്‍എയും രംഗത്തെത്തി. പുസ്തകം വില്‍ക്കുന്നതിനുള്ള പബ്ലിസിറ്റിയാണ് ആരോപണത്തിനു പിന്നിലെന്നാണ് ജോര്‍ജ് പ്രതികരിച്ചു. മാണിയുടെ മരുമകളല്ലേ, അപ്പോള്‍ പിന്നെ ഇതൊക്കെ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളുവെന്ന് പി.സി. ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.
ട്രെയിനില്‍ ഒരു നേതാവിന്റെ മകന് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലിനു പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു വിവാദത്തിനില്ലെന്നു ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷ ജോസ്് കെ. മാണി പ്രതികരിച്ചു.
‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവ നേതാവില്നിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണ്. ഇതുസംബന്ധിച്ചു നിയമനടപടി സ്വീകരിക്കാനോ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്്ടിക്കാനോ ആഗ്രഹിക്കുന്നില്ല.
മറിച്ചു ഇക്കാര്യങ്ങള്‍ പൊതുസമൂഹം മനസിലാക്കുന്നതിനു വേണ്ടിയാണു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും നിഷ ജോസ് കെ. മാണി പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ഒരുപാട് തങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം മോശം അനുഭവങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തനിക്കുണ്ടായ അത്തരം അനുഭവങ്ങളും പൊതുസമൂഹത്തെ അറിയിക്കുന്നതിനുവേണ്ടി മാത്രമാണു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ഈ സംഭവം പുറത്തറിയിക്കണ്ടയെന്നാണു കരുതിയിരുന്നെങ്കിലും പീന്നിട് പുസ്തകത്തില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു നിഷ ജോസ് കെ. മാണി പറഞ്ഞു.
അതേസമയം പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സംഭവം വലിയ വിവാദത്തിനാണു തിരികൊളുത്തിയിരിക്കുന്നത്. ഇതോടെ 224 പേജുള്ള ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകം രാഷ്്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ആരുടെയും പേരു വെളിപ്പെടുത്തുന്നില്ലെങ്കിലും ഓരോ വ്യക്തികളെയും മനസിലാക്കാവുന്ന സൂചനകള്‍ നല്‍കുന്നുണ്ട്. ഇതുതന്നെയാണു വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നതും.
പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവാദമായ സംഭവമിതാണ്.
തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ മെലിഞ്ഞ യുവാവായ രാഷ്ട്രീയക്കാരന് സ്റ്റേഷനില്‍വച്ചു പരിചയഭാവത്തോടെയെത്തി. പിതാവിന്റെ പേര് പറഞ്ഞ് പരിചയം പുതുക്കി. ട്രെയിനില്‍ കയറിയ ഉടനെ തന്റെ സീറ്റില്‍ ഇരുന്നു. ഉറങ്ങാന്‍ ആഗ്രഹിച്ച തനിക്ക് ഇയാളുടെ സാന്നിധ്യം ബുദ്ധിമുട്ടായി.
ഇയാളെ മാറ്റാന്‍ ടിടിആറിനെ സമീപിച്ചെങ്കിലും പിതാവിന്റെ പേര് പറഞ്ഞപ്പോള്‍ ആയാളുടെ സ്വഭാവമാണെങ്കില്‍ തനിക്ക് ഇടപെടാന്‍ സാധിക്കുകയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങി. പിന്നീട് സീറ്റിലിരുന്ന തന്റെ കാലില്‍ ഇടയ്ക്കിടെ തട്ടിയപ്പോള്‍ തനിക്ക് അസ്വസ്തത അനുഭവപ്പെട്ടു.
എല്ലാ ലക്ഷ്മണ രേഖയും കടന്നെന്നു തോന്നിയപ്പോള്‍ യുവാവിനോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് വരെയെത്തി. തനിക്ക് നേരിടേണ്ടിവന്ന ലൈഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന നിമിഷങ്ങളെയാണ് നിഷ ഇവിടെ പറയുന്നത്. ആരെയും പേരെടുത്ത് വെളിപ്പെടുത്തുന്നില്ലെങ്കിലും ഓരോ വ്യക്തികളെയും മനസിലാക്കാവുന്ന സൂചനകള്‍ നല്‍കുന്നുണ്ട്.
അപകടത്തില്‍പ്പെട്ട ഭാര്യ പിതാവിന്റെ അടുത്തുനിന്നും വന്നതാണെന്ന് പറഞ്ഞാണ് അതിക്രമത്തിനു ശ്രമിച്ച യുവാവിനെ പരിചപ്പെടുത്തുന്നത്. 120 മുതല്‍ 130 വരെയുള്ള പേജുകളിലാണ് ഇതിനെപ്പറ്റി പ്രതിപാദിക്കുന്നത്.