കോട്ടയം: തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു വിവാദത്തിനില്ലെന്നു ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ. മാണി. ഇന്നലെ പുറത്തിറങ്ങിയ നിഷ ജോസ് കെ. മാണിയുടെ ’ദ അദർ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിൽ ട്രെയിൻ യാത്രയ്ക്കിടെ യുവ നേതാവിൽനിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു പരാമർശമുണ്ട്.
തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണ്. ഇതു സംബന്ധിച്ചു നിയമനടപടി സ്വീകരിക്കാനോ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കാനോ ആഗ്രഹിക്കുന്നില്ല. മറിച്ചു ഇക്കാര്യങ്ങൾ പൊതു സമൂഹം മനസിലാക്കുന്നതിനു വേണ്ടിയാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നും നിഷ ജോസ് കെ. മാണി രാഷ്്ട്രദീപികയോടു പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി ഒരുപാട് തങ്ങൾക്കുണ്ടാകുന്ന ഇത്തരം മോശം അനുഭവങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കുണ്ടായ അത്തരം അനുഭവങ്ങളും പൊതുസമൂഹത്തെ അറിയിക്കുന്നതിനു വേണ്ടി മാത്രമാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയത്.
ആദ്യഘട്ടത്തിൽ ഈ സംഭവം പുറത്തറിയിക്കണ്ടയെന്നാണു കരുതിയിരുന്നെങ്കിലും പീന്നിട് പുസ്തകത്തിൽ ചേർക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു നിഷ ജോസ് കെ. മാണി പറഞ്ഞു.
അതേസമയം പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സംഭവം വലിയ വിവാദത്തിനാണു തിരികൊളുത്തിയിരിക്കുന്നത്. ഇതോടെ 224 പേജുള്ള ’ദ അദർ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകം രാഷ്്ട്രീയ കേരളത്തിൽ ചർച്ചയായിരിക്കുകയാണ്.
ആരുടെയും പേരു വെളിപ്പെടുത്തുന്നില്ലെങ്കിലും ഓരോ വ്യക്തികളെയും മനസിലാക്കാവുന്ന സൂചനകൾ നൽകുന്നുണ്ട്. ഇതു തന്നെയാണു വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുന്നതും. പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവാദമായ സംഭവമിതാണ്.
തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ മെലിഞ്ഞ യുവാവായ രാഷ്ട്രീയക്കാരൻ സ്റ്റേഷനിൽവച്ച് പരിചയഭാവത്തോടെയെത്തി. പിതാവിന്റെ പേര് പറഞ്ഞ് പരിചയം പുതുക്കി. ട്രെയിനിൽ കയറിയ ഉടനെ തന്റെ സീറ്റിൽ ഇരുന്നു. ഉറങ്ങാൻ ആഗ്രഹിച്ച തനിക്ക് ഇയാളുടെ സാന്നിധ്യം ബുദ്ധിമുട്ടായി.
ഇയാളെ മാറ്റാൻ ടിടിആറിനെ സമീപിച്ചെങ്കിലും പിതാവിന്റെ പേര് പറഞ്ഞപ്പോൾ ആയാളുടെ സ്വഭാവമാണെങ്കിൽ തനിക്ക് ഇടപെടാൻ സാധിക്കുകയില്ലെന്ന് പറഞ്ഞ് പിൻവാങ്ങി. പിന്നീട് സീറ്റിലിരുന്ന തന്റെ കാലിൽ ഇടയ്ക്കിടെ തട്ടിയപ്പോൾ തനിക്ക് അസ്വസ്തത അനുഭവപ്പെട്ടു.
എല്ലാ ലക്ഷ്മണ രേഖയും കടന്നെന്നു തോന്നിയപ്പോൾ യുവാവിനോട് ഇറങ്ങിപ്പോകാൻ പറയുന്നത് വരെയെത്തി. തനിക്ക് നേരിടേണ്ടിവന്ന ലൈഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടിവന്ന നിമിഷങ്ങളെയാണ് നിഷ ഇവിടെ പറയുന്നത്. ആരെയും പേരെടുത്ത് വെളിപ്പെടുത്തുന്നില്ലെങ്കിലും ഓരോ വ്യക്തികളെയും മനസിലാക്കാവുന്ന സൂചനകൾ നൽകുന്നുണ്ട്.
അപകടത്തിൽപ്പെട്ട ഭാര്യാ പിതാവിന്റെ അടുത്തുനിന്നും വന്നതാണെന്ന് പറഞ്ഞാണ് അതിക്രമത്തിനു ശ്രമിച്ച യുവാവിനെ നിഷ പുസ്തകത്തിൽ പരിചപ്പെടുത്തുന്നത്. 120 മുതൽ 130 വരെയുള്ള പേജുകളിലാണ് ഇതിനെപ്പറ്റി പ്രതിപാദിക്കുന്നത്.
ഇതിനു പുറമെ സോളാർ, സരിത, ബാർ കോഴവിവാദം തുടങ്ങിയ കുടുംബത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും പറയുന്നുണ്ട്. മകളുടെ സുഹൃത്ത് മകളോട് നിന്റെ അപ്പന് സരിതയെ അറിയാമല്ലേയെന്ന് ചോദിച്ചപ്പോൾ മകൾ കരഞ്ഞുകൊണ്ടു വീട്ടിലെത്തിയതും പറയുന്നു.
സ്കൂളിൽ മക്കളുടെ ഗ്രൂപ്പ് ചർച്ചകൾക്ക് സോളാർ വിഷയങ്ങൾ മനപൂർവം എടുക്കുന്നത് മക്കളെ ബുദ്ധിമുട്ടിക്കാനാണെന്ന് കരുതുന്നത്. കുട്ടികൾ ഗൂഗിളിൽ സോളാർ വിഷയം എടുക്കുന്പോൾ സോളാർ കേസിനെപ്പറ്റിയാണു കാണിക്കുന്നതെന്നും ഇത് കുട്ടികളെ അപമാനിക്കാനാണെന്നും പറയുന്നു. അശ്ലീല വാർത്തകൾ കാണിക്കാതെ കുട്ടികളെ മാറ്റിയതും നിഷ വിവരിക്കുന്നുണ്ട്.
സോളാർ കേസിൽ പുതിയ ലിസ്റ്റുമായി ശത്രുവായ അയൽവാസി രംഗത്തെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും കുട്ടികളോടൊപ്പം ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ലിസ്റ്റിൽ ഭർത്താവിന്റെ പേര് ഉണ്ടെന്നു ശത്രുവായ അയൽവാസി പറയുന്പോൾ കുട്ടികളെ മാറ്റുകയും ടിവി ഓഫ് ചെയ്യുകയും ചെയ്തു.
പിന്നീട് ഒരാഴ്ചത്തേക്ക് കുട്ടികളെ ടിവി കാണിച്ചില്ല. ശത്രുവാകുന്ന അയൽക്കാരൻ കുടുബത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നു ബോധ്യമായപ്പോഴാണു ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇടാൻ നിർബദ്ധിതനായത്.
കുടുംബത്തെ തമ്മിലടിപ്പിക്കുവാൻ കോട്ടയത്തെ ഒരു മുതിർന്ന കോണ്ഗ്രസ് നേതാവ് ശ്രമിച്ചതിനെപ്പറ്റിയും വിവരിക്കുന്നു. അച്ചാച്ചന്റെ സന്പാദ്യം പെണ്മക്കൾക്ക് കൊടുക്കുകയാണെന്നും തനിക്ക് അതിന് അമർഷമുണ്ടെന്നുമുള്ള വാർത്ത പ്രചരിപ്പിച്ച നേതാവിനോട് നേരിട്ട് ചോദിച്ചതും പറയുന്നു. പിന്നീട് ഒരു സമ്മേളനത്തിൽവച്ച് ഇയാളോട് ഇതെപ്പറ്റി തിരക്കിയപ്പോൾ സമ്മേളനസ്ഥലത്തുനിന്നും തലവേദയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയെന്നും സൂചിപ്പിച്ചിട്ടുണ്ട്.
അച്ചാച്ചന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന മോനായിയെയാണ് അച്ചാച്ചനുശേഷം പാർട്ടി തലപ്പത്ത് പ്രതിഷ്ഠിക്കാൻ ഇരുന്നതെന്നും ഇയാൾ പാർട്ടി വിട്ടത് അച്ചാച്ചന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതെന്നും പറയുന്നു. കുടുംബത്തിനെതിരെ പലരും രംഗത്തുവരുന്പോൾ ഇതെപ്പറ്റി അച്ചാച്ചന് സംസാരിച്ചപ്പോൾ കുരയുടെ ശബ്ദം ഉയരും തോറും സിംഹത്തിന്റെ പേടി കുറയുകയുള്ളുവെന്നും മറുപടി പറഞ്ഞതായും വിവരിക്കുന്നു.
മകൾ സകൂളിൽ പുതിയ ചെരുപ്പുമായി പോയപ്പോൾ വല്യപ്പച്ചൻ ബജറ്റ് വിറ്റ് ലഭിച്ചതുകൊണ്ടാണോ ചെരുപ്പ് വാങ്ങിയതെന്ന് കുട്ടിയോട് ചോദിച്ചപ്പോൾ ഏറെ വേദനയുണ്ടാക്കിയെന്നും ഓർമ്മപ്പെടുത്തുന്നു. 59 അധ്യായങ്ങളിലായി ഇംഗ്ലീഷിലാണു പുസ്തകം. മലയാളം പതിപ്പും ഉടൻ പുറത്തിറക്കും.