സീരിയല്‍ രംഗത്തെ ദുരനുഭവം തുറന്നു പറഞ്ഞ നടി നിഷാ സാരംഗിന് പിന്തുണയുമായി നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതി. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ ഒരു ഭാരമായി മാറാറുണ്ടെന്നും പിന്നെ അവരെ മാനസീകമായി തളര്‍ത്തി പുകച്ച് പുറത്ത് ചാടിക്കുകയാണവര്‍ ചെയ്യുന്നതെന്നും മാലാ പാര്‍വ്വതി പറഞ്ഞു. നിഷ മികച്ച കലാകാരിയാണെന്നും അവര്‍ക്ക് ഇപ്പോള്‍ വേണ്ടത് എല്ലാവരുടെയും പിന്തുണയും ധൈര്യവുമാണെന്നും പാര്‍വ്വതി ഒരു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.
ഞാനിന്നലെ നിഷയോട് സംസാരിച്ചു, നിഷ ചോദിക്കുകയാ- ‘ ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വര്‍ക്ക് തരില്ലേന്ന്. ചാനല്‍ മേധാവി ശ്രീകണഠന് നായര്‍ അങ്ങനെ പറഞ്ഞ് പോലും. നമ്മള് തമ്മില്‍ പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാല്‍ ആരും വിളിക്കില്ല പോലും’. പാര്‍വ്വതി പറയുന്നു.
‘സ്ത്രീകളുടെ വിഷയങ്ങളൊക്കെ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഈ ഒരു സാഹചര്യത്തില്‍ ഇങ്ങനെയാണൊ ഒരു ആര്‍ട്ടിസ്സിനോട് പെരുമാറേണ്ടത്. ജോലി നിഷേധിച്ച് കൊണ്ടാണ് എല്ലാത്തിനും തുടക്കമിടുന്നത്. ആ സമയത്ത് ആരും ഗൗരവമായി എടുക്കുകയില്ല. പിന്നെ എല്ലാം കഴിഞ്ഞ് ഒരു പൊട്ടല്‍ സംഭവിക്കുമ്പോഴായിരിക്കും ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുക. അപ്പോള്‍ പിന്തുണച്ചിട്ട് കാര്യമില്ല. ഈ സമയത്താണ് പിന്തുണ വേണ്ടത്. നിഷയ്ക്ക് ഗൗരവമായ പിന്തുണയും ധൈര്യവും കൊടുക്കണം’ തനിക്ക് ഈ മേഖലയില്‍ നിന്നും നേരിട്ട ദുരനുഭവം പറഞ്ഞ് കൊണ്ട് പാര്‍വ്വതി പറഞ്ഞു.
ഇനി ഇത്തരം തൊഴില്‍ ചൂഷണങ്ങളും പീഡനങ്ങളും ആവര്‍ത്തിക്കരുത്. ഈ മേഖലയില്‍ നിന്ന് ഇത്തരം അഴുക്കുകള്‍ പൂര്‍ണ്ണമായി തുടച്ചു നീക്കണം. സ്ത്രീകള്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ ഇവിടെ പലരുടെയും മുഖം വെളിച്ചത്ത് വരും. പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.
‘ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായത് കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു. കൈരളിയില്‍ നിന്ന് ശമ്പളം കിട്ടാതെ രാജി വെച്ച് വല്ലാത്ത മാനസികാവസ്ഥയില്‍ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലില്‍ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനല്‍ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാല്‍.. ശമ്പളമല്ല കിട്ടാന്‍ പോകുന്നതെന്ന്.
ജോലി രാജിവച്ച്. എന്ത് ചെയ്യണമെന്നറിയാതെ വീട്ടില്‍ വന്ന് കയറി. നിരാശയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാന്‍ വേണ്ടി പൊട്ടി കരഞ്ഞ് പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാന്‍ നിഷയിലൂടെ കേട്ടത്, അതേ മുഖമാണ് ഞാന്‍ നിഷയില്‍ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിര്‍ണ്ണയിക്കുന്നത് എന്ന് എനിക്ക് ഇന്ന് പറയാന്‍ പറ്റും. നിഷ കഴിവുള്ള കലാകാരിയാണ്. ഇത് തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയും. നമുക്ക് ഇപ്പോള്‍ ചെയ്യാന്‍ പറ്റുക നിഷയോടൊപ്പം നില്ക്കുക എന്നതാണ്.
‘സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ പിന്തുണ നിഷയ്ക്കുണ്ട്. അതോടൊപ്പം സി.പി.ഐ.എം പോലുള്ള മുഖ്യധാര പാര്‍ട്ടികളും ഡബ്ല്യു.സി.സി, എ.എം.എം.എയെപോലുള്ള സംഘടനകളും ഈ വിഷയത്തല്‍ ഗൗരവമായി ഇടപെടണം. ഡബ്ല്യു.സി.സി വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍വ്വതി പറഞ്ഞു’.