കുമരകം: ലോക്ക് ഡൗണ്‍ കാലത്ത് കുമരകത്തെ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി. ബംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയെന്നാണ് പോലീസിനു ലഭിച്ച വിവരം.
ഇതു സംബന്ധിച്ചു കൃത്യമായ അന്വേഷണം നടത്താനോ വിവരങ്ങൾ ശേഖരിച്ചു സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താനോ പോലീസിനു കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് പാർട്ടി നടത്തിയ റിസോർട്ട് പോലും കണ്ടെത്താൻ കഴിയാതെയാണ് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം.
കഴിഞ്ഞ ജൂണ്‍ 19ന് കുമരകത്തെ റിസോർട്ടിൽ നടന്ന മയക്കുമരുന്ന് നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തെന്ന് സമൂഹമാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചിരുന്നു.
റിസോർട്ടിലെ റൂമിനുള്ളിൽ എടുത്ത ചിത്രങ്ങൾ പുറത്തു വന്നതോടെ റിസോർട്ട് കണ്ടെത്താൻ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന.
കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക്ക് കണ്ട്രോൾ ബ്യൂറോ അന്വഷണം നടത്തുന്ന ഗൗരവമേറിയ കേസിലാണ് സംസ്ഥാന പോലീസിലെ രഹസ്യാന്വഷണ വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.
കുമരകം പോലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ നടന്ന മയക്കുമരുന്ന് പാർട്ടിയുടെ വിവരങ്ങൾ പുറത്ത് വന്നിട്ടും സ്ഥലം കണ്ടെത്താൻ കഴിയാത്തത് പോലീസിനുള്ളിൽ വലിയ അമർഷത്തിനു ഇടയാക്കിയിട്ടൂണ്ട്.
ലോക്ഡൗണിനെ തുടർന്ന് കുമരകത്തെ ചെറുതും വലുതുമായ റിസോർട്ടുകളിൽ ഏറെയും അടഞ്ഞു കിടന്നിരിക്കുകയായിരുന്നു. ഇതാണ് റിസോർട്ട് കണ്ടെത്താൻ പോലീസിനു മുന്നിലുള്ള വെല്ലുവിളിയെന്നും പറയപ്പെടുന്നു.
പോലീസ് സംഘങ്ങൾ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു വിവിധ റിസോർട്ടുകളിൽ പരിശോധന നടത്തുകയും നിരവധി പേരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. റിസോർട്ടിനു പുറമേ ഹൗസ് ബോട്ടുകളിലും പാർട്ടി നടത്തിയതായും സൂചനകളുണ്ടായിരുന്നു.
ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ഉന്നതർ പാർട്ടിയിൽ പങ്കെടുക്കുകയും പലപ്പോഴായി കുമരകത്ത് എത്തിയിരുന്നതായും ആരോപണമുയരുന്നുണ്ട്. കേരളത്തിനു പുറത്തുനിന്നുള്ളവരാണു അധികവും പങ്കെടുത്തിരുന്നത്.
വേന്പനാട്ട് കായലിൽ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ ഹൗസ് ബോട്ടുകൾ സംഘടിപ്പിച്ചു നടത്തിയ പാർട്ടികളിൽ വലിയതോതിൽ മയക്കുമരുന്ന് ഒഴുക്കിയിരുന്നതായും വിവരമുണ്ടായിരുന്നു.