കൊട്ടാരക്കര : എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ജീവിതത്തില്‍ നടന്നതൊന്നും ഓര്‍ത്തെടുക്കാന്‍ നിഷാറാണിയ്ക്ക് താത്പര്യമില്ല. കാരണം ഇനിയുള്ള കാലം അച്ഛന്റെ സ്നേഹത്തണലില്‍ ബന്ധുമിത്രാദികളോടൊപ്പം കഴിയാമെന്ന സന്തോഷത്തിലാണ് ഇവര്‍. നെടുവത്തൂര്‍, കുറുമ്പാലൂര്‍ സ്വദേശിനിയായ നിഷാറാണി അച്ഛന് ശശിധരനും അമ്മ സരസമ്മയുമോടൊപ്പം ഡല്‍ഹിയിലായിരുന്നു താമസം. പക്ഷെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ആ കുടുംബബന്ധം തകര്‍ന്നു. സരസമ്മ മകളെയും കൂട്ടി നാട്ടിലേയ്ക്കു വന്നു. നഷ്ടപ്പെട്ടുപോയ ദാമ്പത്യബന്ധത്തിന്റെ ആഘാതം സരസമ്മയെ മനോവിഭ്രാന്തമായ അവസ്ഥയിലെത്തിച്ചു.
ഒപ്പം തണലാവേണ്ട പിതാവിന്റെ അസാന്നിധ്യവും താങ്ങാവേണ്ട മാതാവിന്റെ മാനസികപ്രശ്നങ്ങളും, സ്വപ്നങ്ങളോരോന്നും കണ്മുന്നില് കരിഞ്ഞുണങ്ങുന്ന കാഴ്ച നിഷാറാണിയെക്കൂടി മാനസികരോഗത്തിന്റെ തടവറയില്‍ കൊണ്ടെത്തിച്ചു.
എട്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് ധരിക്കാന്‍ ശരിയാംവിധം വസ്ത്രം പോലുമില്ലാതെ കൊട്ടാരക്കരയിലൂടെ ഭ്രാന്തമായി അലയുന്ന നിഷാറാണിയെയും അമ്മ സരസമ്മയെയും കൊട്ടാരക്കര പോലീസ് കലയപുരം സങ്കേതത്തിലെത്തിച്ചു. സങ്കേതത്തിലെ മനോരോഗ വിദഗ്ധരുടെ ചികിത്സയും, കൗണ്‍സിലിംഗും മറ്റ് പരിചരണവുമെല്ലാം ആ അമ്മയെയും മകളെയും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു. അതോടെ നിഷാറാണി സങ്കേതത്തിലെ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും, അവശരായ മറ്റ് അന്തേവാസികളെ ശുശ്രൂഷിക്കുന്നതിന് സഹായിയാവുകയും ചെയ്തു.
ഇതിനിടയിലാണ് രണ്ടാഴ്ച മുന്‍പ് നിഷാറാണിയുടെ അമ്മ സരസമ്മ സങ്കേതത്തില്‍ മരണപ്പെട്ടത്. തുടര്‍ന്ന് മൃതദ്ദേഹം സംസ്കരിക്കുന്നതിന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ അച്ഛനെ നിഷാറാണി കാണുന്നത്. മനസില്‍ പടര്‍ന്നുതുടങ്ങിയ ദേഷ്യം പക്ഷെ വാത്സല്യപരമായ വാക്കുകള്‍ക്കുമുന്നില്‍ അലഞ്ഞില്ലാതായി. ആ കൂടിക്കാഴ്ച പല വിരോധങ്ങളുടെ മുറിപ്പാടുകളെയും ഇല്ലാതാക്കി. അച്ഛന്റെ രണ്ടാം വിവാഹത്തിലെ ഭാര്യ മരിച്ചുപോയെന്നും അതില്‍ ഒരു മകനുണ്ടെന്നറിഞ്ഞ നിഷാറാണി കൂടുതല്‍ സന്തോഷവതിയായി, കാരണം തനിക്കൊരു സഹോദരന് കൂടിയുണ്ടെന്ന തിരിച്ചറിവ്.
മകളെ തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവണമെന്ന ആഗ്രഹം ആശ്രയ ജനറല്‍ സെക്രട്ടറി കലയപുരം ജോസിനോട് പറഞ്ഞതിന് പ്രകാരം കൊട്ടാരക്കര പോലീസില്‍ നിന്നുള്ള സമ്മതത്തോടെ ശശിധരന് നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തംഗം സിന്ധു, മറ്റ് ബന്ധുമിത്രാദികള്‍ എന്നിവരോടൊപ്പം സങ്കേതത്തില്‍ എത്തി നിഷാറാണിയെ കൂട്ടിക്കൊണ്ടുപോയി.