സൂപ്പര്‍ഹിറ്റ് പരമ്പര ഉപ്പും മുളകിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് നിഷ സാരംഗ്. ശ്യാമപ്രസാദ് ഒരുക്കിയ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയാണ് നിഷ സാരംഗ് എന്ന നടി അഭിനയരംഗത്തേക്ക് കടക്കുന്നത്.
ഏറെ വര്‍ഷങ്ങളായി സഹനടി വേഷങ്ങളില്‍ സിനിമയില്‍ ഉണ്ടെങ്കിലും ഉപ്പും മുളകുമാണ് നിഷയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. ഈ സീരിയലിന് ശേഷം താരത്തെ അറിയാത്ത മലയാളികള്‍ ഉണ്ടോ എന്ന കാര്യത്തിലാണ് സംശയം.
ഉപ്പും മുളകിലെ നീലുവിനെ തങ്ങളുടെ കുടുംബത്തിലെ ഒരംഗമായാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ തന്റെ സിരീയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരോടു പങ്കുവയ്ക്കുകയാണ് താരം.
നടി അനു ജോസഫിന്റെ യുട്യൂബ് ചാലിലാണ് തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നിഷ എത്തിയത്. ഉപ്പും മുളകിലെ അനുഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…കിട്ടാവുന്നതില്‍ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാന്‍ ആഗ്രഹിച്ചതിനെക്കാളും കൂടുതലാണ് ഉപ്പും മുളകില്‍ നിന്ന് എനിക്ക് ലഭിച്ചത്.
ഉപ്പും മുളകും നിര്‍ത്തി എന്ന് അധികൃതര്‍ പറഞ്ഞിട്ടില്ല. പക്ഷെ നിര്‍ത്തിയ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ പോകുന്നത്. ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മനസ്സില്‍ ദൈവം തോന്നിപ്പിച്ചിരുന്നു.
ഇതിനെ കുറിച്ച് ബിജു ചേട്ടനോട് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടികളോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സീരിയല്‍ നിര്‍ത്തി വെച്ചപ്പോള്‍ അധികം ഷോക്ക് തോന്നിയില്ലെന്നും നിഷ പറഞ്ഞു.
അതേ സമയം വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രസകരമായ ഉത്തരമാണ് നിഷ നല്‍കിയത്. ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാന്‍ ആകില്ല, കാരണം അത് അബദ്ധമായി മാറും.
ഇളയമകള്‍ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാന്‍ എന്ന്. ഞാന്‍ അപ്പോള്‍ അവളോട് ചോദിക്കും ‘തനിക്ക് കെട്ടി പൊക്കൂടെ എന്ന്’ നിഷ പറയുന്നു.
പത്തില്‍ പഠിക്കുമ്പോഴായിരുന്നു നിഷയുടെ വിവാഹം നടന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ കുടുംബ ജീവിത്തിലേക്ക് പ്രവേശിച്ച നിഷയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല.
അച്ഛന്റെ ആഗ്രഹപ്രകാരം ആണ് അടുത്ത ബന്ധുവുമായി താരത്തിന്റെ വിവാഹം നടന്നത്. വിവാഹബന്ധം ഒത്തു പോകാന്‍ കഴിയാതെ വന്നതോടെ ബന്ധം വേര്‍പിരിഞ്ഞ നിഷയാണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം.
രണ്ട് പെണ്‍മക്കളാണ് താരത്തിനുള്ളത്. മകള്‍ രേവതിയും മരുമകന്‍ റോണിയും പേരക്കുട്ടി റയാനും ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ ഇളയ മകള്‍ രേവിതയും അടങ്ങുന്നതാണ് താരത്തിന്റെ കൊച്ചു കുടുംബം.
ചന്ദ്രോത്സവം, പരുന്ത്, കരയിലേക്ക് ഒരു കടല്‍ദൂരം, മൈ ബോസ്, മാറ്റിനി, ആമേന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, ലഡു, ലോനപ്പന്റെ മാമോദീസ, കപ്പേള, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നിഷ അഭിനയിച്ചിട്ടുണ്ട്.