നിയമപരമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞില്ല, പാത്രങ്ങളും കുടംപുളിയും വിറ്റിട്ടാണ് ഞങ്ങള്‍ ജീവിച്ചത്, ‘ഉപ്പും മുളകും’ സീരിയലിലെ നീലുവെന്ന നിഷ ശാരംഗ് കയ്‌പേറിയ കാലത്തെക്കുറിച്ച്

nisha 2കയ്‌പ്പേറിയ ഓര്‍മകളെ മാറ്റി നിഷ ശാരംഗ് എന്ന അഭിനേത്രിയുടെ ജീവിതത്തിലേക്ക് മധുരിക്കുന്ന അനുഭവങ്ങള്‍ കൊണ്ടുവന്നത് ‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ പരമ്പരയാണ്. ‘ഉപ്പും മുളകും’ എന്ന സീരിയലിലെ നീലു എന്ന കഥാപാത്രത്തിലൂടെ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് നിഷ മനസുതുറക്കുന്നു. രണ്ട് മക്കളേയുള്ളുവെങ്കിലും മക്കളെത്രയുണ്ടെന്ന ചോദ്യത്തിന് ഇപ്പോള്‍ എന്റെ ഉത്തരം ആറ് എന്നാണ്. കാരണം സീരിയലില്‍ എന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളും ഇപ്പോള്‍ സ്വന്തം മക്കളെപ്പോലെയാണ് എനിക്ക്. ആ നാലുപേരെയും എന്റെ രണ്ട് പെണ്‍മക്കളെയും ചേര്‍ത്താണ് ഞാന്‍ ആറു മക്കള്‍ എന്ന് പറയുന്നത്. ഇതാണ് ഇപ്പോള്‍ ജീവിതത്തില്‍ വന്ന ഒരു പ്രധാന മാറ്റം.

രണ്ട് മക്കളെയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം ബുദ്ധിമുട്ടിയ ഒരു കാലം എനിക്കുണ്ടായിരുന്നു. ഭക്ഷണത്തിന് പോലും വക കണ്ടെത്താന്‍ വിഷമിച്ചിരുന്നു. ആ സമയത്ത് കൃഷ്ണനോടുള്ള ഭക്തി മാത്രമായിരുന്നു ആശ്രയം. എന്റെ കഷ്ടപ്പാടുകളെല്ലാം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാര്‍ത്ഥന കണ്ണന്‍ കാണാതിരുന്നില്ല. ഭര്‍ത്താവ് പോലും തുണയില്ലാതിരുന്ന അവസരങ്ങളില്‍ ഗുരുവായൂരപ്പന്‍ എന്നെ സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് കാഴ്ച്ച, ഫല്‍ഷ്, യെസ് യുവര്‍ ഓണര്‍, പോത്തന്‍വാവ, മൈ ബോസ് തുടങ്ങിയ സിനിമകളിലും പിന്നീട് അടുക്കളപ്പുറം, ഉപ്പും മുളകും എന്നീ സീരിയലുകളിലും അഭിനയിക്കാന്‍ അവസരം ലഭിച്ചത്.
nisha
അവസരങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ജീവിതനിലവാരവും ഉയര്‍ന്നു. സ്വന്തായി വീടും കാറും ഒക്കെ വാങ്ങി. എന്നാല്‍ ഇക്കൂട്ടത്തില്‍ മാറ്റമില്ലാത്ത ഒന്നുണ്ട്, അവസരങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് നടത്തിയിരുന്ന കുടംപുളി, തേയില വില്‍പ്പന. അതില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചുകൊണ്ടിരുന്നത്. ആ കച്ചവടം ഇപ്പോഴും തുടരുന്നു. കാരണം, നാളെ ഈ ‘ഉപ്പും മുളകും’ ഇല്ലെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകണ്ടേ? നിഷ പറയുന്നു.

അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് ഷൂട്ടിംഗ് കാണാന്‍ പോയതാണ്. അപ്പോഴാണ് ഇല്ലത്തെ പെണ്‍കുട്ടിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. വീട്ടില്‍നിന്ന് വലിയ പ്രോത്സാഹനമില്ലായിരുന്നു. പക്ഷേ ജീവിതത്തിലെ പല സാഹചര്യങ്ങളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടിവന്നത് അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ കാരണമായി. ഒരുഘട്ടത്തില്‍ ഭര്‍ത്താവ് എന്നെവിട്ടുപോയി. നിയമപരമായി ഞങ്ങള്‍ വിവാഹബന്ധം വേര്‍പിരിഞ്ഞിട്ടില്ല. പക്ഷേ കുടുംബജീവിതം സന്തോഷകരമായിരുന്നില്ല. ഭര്‍ത്താവിനെക്കുറിച്ച് അതുപറഞ്ഞ് വാര്‍ത്തയാക്കി വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ നിഷ പറയുന്നു.

Related posts