കിഴക്കമ്പലം: ഇതരസംസ്ഥാനക്കാരനായ മോഷ്ടാവിനാല്‍ കൊലചെയ്യപ്പെട്ട മലയിടംതുരുത്ത് അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (21)യുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ ജൂലൈ 30നാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. മകളുടെ വേര്‍പാടില്‍ തകര്‍ന്നു പോയ അമ്മയുടെ മനോനില ഇപ്പോഴും വിണ്ടെടുത്തിട്ടില്ല.
രാവിലെ ഒമ്പതരയോടെ അന്തിനാട് തമ്പിയുടെ വീട്ടിലെത്തിയ മറുനാട്ടുകാരനായ മോഷ്ടാവ് മോഷണശ്രമത്തിനിടെ മകള്‍ നിമിഷയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തമ്പിയും ഭാര്യ ശലോമിയും ജോലിക്കു പോയ സമയത്തായിരുന്നു സംഭവം.
വീട്ടിലെത്തിയ മോഷ്ടാവ് അമ്മൂമ്മ മറിയാമ്മയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടയില്‍ അടുക്കളയില്‍ കറിക്കരിഞ്ഞു കൊണ്ടിരുന്ന നിമിഷ ഓടിയെത്തി മോഷ്ടാവിനെ തടഞ്ഞു. എന്നാല്‍ മോഷ്ടാവ് നിമിഷയുടെ കൈയിലിരുന്ന കത്തി പിടിച്ചുവാങ്ങി ആക്രമിക്കുകയായിരുന്നു.
ഈ സമയം ഒച്ചകേട്ട് സമീപത്തുള്ള പിതൃസഹോരന് ഏലിയാസ് ഓടിയെത്തിയെങ്കിലും മോഷ്ടാവിന്റെ കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഏലിയാസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ തമ്പിയുടെ രണ്ട് പെണ്മക്കളില് മൂത്തവളായിരുന്നു നിമിഷ. ബിബിഎ വിദ്യാര്‍ഥിനിയായിരുന്നു.
പഠിക്കാന്‍ മിടുക്കിയായിരുന്ന നിമിഷയെ സാമ്പത്തിക പരാധീനതകളാല്‍ വലഞ്ഞ തമ്പി വിദ്യാഭ്യാസ വായ്പെടുത്താണ് പഠിപ്പിച്ചിരുന്നത്. ലോണെടുത്ത് പണിത വീടിന്റെ ബാധ്യതകളും കുടുംബത്തെ ഏറെ വലച്ചിരുന്നു. എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിച്ച് കുടുംബത്തെ സാമ്പത്തിക പരാധീനതകളിൽ നിന്നു കരകയറ്റണമെന്ന സ്വപ്നം ബാക്കിവച്ചാണ് നിമിഷ യാത്രയായത്.
ഒരാണ്ട് തികയുമ്പോള്‍ നിമിഷയുടെ ചിരിമാഞ്ഞ വീട്ടില്‍ അമ്മ ശലോമിയുടെ കണ്ണുകള്‍ ഇനിയും തോര്‍ന്നിട്ടില്ല. ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഇനിയൊരു ദുരന്തമായി ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കാതിരിക്കെട്ടെ എന്ന ചിന്തമാത്രമേ നിമിഷയുടെ ഓര്‍മദിനത്തില്‍ നാട്ടുകാര്‍ക്ക് പങ്കുവയ്ക്കാനുള്ളു.