പത്തനംതിട്ട: നഗരത്തെ നടുക്കിയ പത്തനംതിട്ട കൃഷ്ണ ജ്വല്ലറി മോഷണക്കേസിൽ നിർണായക മൊഴി നൽകിയ ഓട്ടോറിക്ഷ ഡ്രൈവർ നൗഷാദിനെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊന്നാടയും പ്രശസ്തി പത്രവും നൽകി ആദരിച്ചു. ഒരിക്കലും ഇങ്ങനെയൊരു അംഗീകാരം പ്രതീക്ഷിരുന്നില്ലെന്ന് നൗഷാദ് പറയുന്നു.
സംഭവദിവസം സെന്റ് ലൂക്ക് ആശുപത്രിയിൽ ഓട്ടം കഴിഞ്ഞ് മടങ്ങിയ നൗഷാദ് ഒരു ഫോൺ കോൾ വന്നതിനെ തുടർന്നാണ് ജ്വല്ലറിയ്ക്ക് സമീപം ഓട്ടോറിക്ഷ നിർത്തിയത്. അപ്പോഴാണ് രണ്ടുപേർ ഓട്ടോറിക്ഷയിൽ കയറി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പറയുന്നത്. എന്നാൽ അവർ ബസ് സ്റ്റാൻഡിലിറങ്ങാതെ റിംഗ് റോഡിലാണ് ഇറങ്ങിയത്.
ഭാഷയറിയാത്തതിനാൽ 30 രൂപ എന്ന് പറഞ്ഞപ്പോൾ 300 രൂപയാണ് നൽകിയത്. അത് തിരികെ കൊടുക്കാൻ പോയപ്പോൾ 200 രൂപയും വാങ്ങി അവർ വേഗത്തിൽ വാഹനത്തിൽ കയറിപ്പോകുന്നതു കണ്ടു. അവരുടെ വെപ്രാളം കണ്ടിട്ട് എന്തോ ഒരു പന്തികേടു തോന്നി. എന്നാൽ വെള്ള സ്കോർപ്പിയോയിൽ മഹാരാഷ്ട്ര രജിസ്ട്രേഷൻ ശ്രദ്ധിച്ചിരുന്നു. പിന്നെ ടൗണിൽ എത്തിയപ്പോഴാണ് മോഷണത്തെക്കുറിച്ച് അറിഞ്ഞത്.
അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു. അതാണ് പിന്നീടുള്ള അന്വേഷണത്തിൽ നിർണായകമായത്. സംഭവം നടന്ന് 14 മണിക്കൂറിനുള്ളിൽ പ്രതികൾ പോലീസ് പിടിയിലായിരുന്നു. പലപ്പോഴും കേസ് പേടിച്ച് പലരും മൊഴികൊടുക്കാൻ താൽപര്യം കാണിക്കാത്തിടത്താണ് നൗഷാദിനെ പോലുള്ളവർ വ്യത്യസ്തരാകുന്നത്. അലങ്കാരത്ത് വടക്കേതിൽ മുഹമ്മദ് അബ്ബാസിന്റെയും ഹവ്വാമ്മയുയെയും മകനാണ് നൗഷാദ്.