കാട്ടാക്കട : കാട്ടാക്കടയിൽ ഭാര്യയെയും മകനെയും ഭർത്താവ് ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു രാവിലെ ആറോടെ ആണ് സംഭവം. കാട്ടാക്കട ചാമവിള സിഎസ്ഐ പള്ളിക്കുസമീപം താമസിക്കുന്ന നിഷാദ് (45)ആണ് ഭാര്യ സ്വപ്ന(40), മകൻ അഭിനവ് (11) എന്നിവരെ കാട്ടാക്കട കൈതക്കോണം റോഡിൽ വച്ച് വെട്ടിയത്.
സംഭവ സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന ടിപ്പർ ഡ്രൈവർ വാഹനം നിറുത്തി ഇയാളെ വിരട്ടി ഓടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഇവരുടെ ഒരു മകൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സ്ഥിരം മദ്യപാനി ആണ് ഓട്ടോ ഡ്രൈവർ ആയ നിഷാദെന്ന് പോലീസ് പറയുന്നു.
നക്രാംചിറയിലെ പെട്രോൾ പമ്പ് ജീവനക്കാരി ആണ് സ്വപ്ന. സംഭവസ്ഥലത്ത് നിന്നും 50 മീറ്റർ മാറി കത്തി കണ്ടെത്തി. മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തി പോലെയാണിത്. ഇരുവരെയും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
സ്ത്രീകളെ ശല്യം ചെയ്തത് ഉൾപ്പടെ നിരവധി കേസുകൾ നിഷാദിനെതിരേയുണ്ടെന്ന് പോലീസ്. ഇയാളുടെ ഉപദ്രവം സഹിക്കാതെ സ്വപ്ന കൈതകോണത്തിനു സമീപം വാടകയ്ക്കു മാറി താമസിക്കുകയായിരുന്നു.
നക്രംചിറയിൽ പെട്രോൾ പമ്പിൽ സ്വപ്ന ജോലി ചെയ്യുന്ന സമയവും ഇയാൾ ഇവിടെ എത്തി അസഭ്യം പറയാറുണ്ടായിരുന്നു.കഴിഞ്ഞ ദിവസവും ഇയാൾ ഇത്തരത്തിൽ പെരുമാറിയതായും നാട്ടുകാർ പോലീസിൽ മൊഴി നൽകി. നിഷാദിനെ പിടികൂടാൻ ശ്രമം നടക്കുകയാണ്.