കണ്ണൂർ: കാണാതായ പിണറായി പറന്പായി സ്വദേശി പി. നിഷാദിനെ (26) കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ബംഗളൂരു സ്ഫോടന കേസിലെ പ്രതി പറന്പായി സലീമിനെ (41) കണ്ണൂർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.
25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ വാങ്ങി നിഷാദിനെ കൊലപ്പെടുത്തിയെന്നാണ് സലീം കർണാടക ക്രൈംബ്രാഞ്ച് പോലീസിന് മൊഴിനൽകിയത്. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ തുടർന്നാണ് നിഷാദിനെ കൊല്ലാൻ ക്വട്ടേഷൻ ലഭിച്ചതെന്നും കൊലയ്ക്കുശേഷം മുങ്ങിയ സലീം 2016ൽ കണ്ണൂരിൽ കവർച്ച നടത്തിയതായും മൊഴി നൽകി.
കായലോടിനടുത്ത് പറന്പായിയിലെ പ്രകാശൻ-മൈഥിലി ദന്പതികളുടെ മകനായ നിഷാദിനെ 2012 ഒക്ടോബർ 21 മുതലാണ് കാണാതായത്. നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യം കൂത്തുപറന്പ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല.
തലശേരി-മന്പറം-കൂത്തുപറന്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു നിഷാദ്. നിഷാദിന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ധർമടം മണ്ഡലം സെക്രട്ടറി എ. അനിൽകുമാർ കേന്ദ്ര ആഭ്യന്തരമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.
നിഷാദിന്റെ തിരോധാനത്തിനുപിന്നിൽ തീവ്രവാദശക്തികൾക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റിലായ പറന്പായി സലീം കർണാടക പോലീസിനു മുന്പാകെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആദ്യം കൂത്തുപറന്പ് പോലീസ് അന്വേഷണം നടത്തിയ കേസ് 2013 മേയ് 13നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.