കണ്ണൂർ: പറന്പായി സ്വദേശി പി. നിഷാദിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ലഭിച്ചത് ഗൾഫിൽ നിന്നുമാണെന്ന് ബംഗളൂരു സ്ഫോടന കേസിലെ പ്രതി പറന്പായി സലീം വെളിപ്പെടുത്തിയതായി കർണാടക ക്രൈംബ്രാഞ്ച്. കൂത്തുപറന്പ് സ്വദേശിയായ ഒരാളാണ് ക്വട്ടേഷൻ കൊടുത്തത്. നിഷാദിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെയാണ് കണ്ണൂർ ക്രൈംബ്രാഞ്ചിന് പറന്പായി സലീമിന്റെ നിഷാദിനെ കൊന്നതായുള്ള വെളിപ്പെടുത്തൽ ലഭിച്ചത്.
മൊഴിയുടെ പൂർണ രൂപം കിട്ടാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു. പ്രേമന്റെ നിർദേശപ്രകാരം സിഐ സനൽകുമാർ കർണാടകത്തിലേക്ക് പോയിട്ടുണ്ട്. സലീമിന്റെ കൂടെ കൊലപാതകത്തിൽ മറ്റ് ചിലരും പങ്കെടുത്തതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെ മറവ് ചെയ്തു എന്നതിനെ കുറിച്ച് സലീം വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ കണ്ണൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതായും സൂചനയുണ്ട്. 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ വാങ്ങി നിഷാദിനെ കൊലപ്പെടുത്തിയെന്നാണ് സലീം കർണാടക ക്രൈംബ്രാഞ്ച് പോലീസിന് മൊഴിനൽകിയത്.
ഒരു സ്ത്രീയുമായുള്ള ബന്ധത്തെ തുടർന്നാണ് നിഷാദിനെ കൊല്ലാൻ ക്വട്ടേഷൻ ലഭിച്ചതെന്നും കൊലയ്ക്കുശേഷം മുങ്ങിയ സലീം 2016-ൽ കവർച്ച നടത്തിയതായും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, സലീമിനെതിരേ യുഎപിഎ ചുമത്തിയതിനാൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള നടപടികൾ വൈകുമെന്നാണ് സൂചന.
കായലോടിനടുത്ത് പറന്പായിയിലെ പ്രകാശൻ-മൈഥിലി ദന്പതികളുടെ മകനായ നിഷാദിനെ 2012 ഒക്ടോബർ 21 മുതലാണ് കാണാതായത്. നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യം കൂത്തുപറന്പ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല.
തലശേരി-മന്പറം-കൂത്തുപറന്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു നിഷാദ്. നിഷാദിന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ധർമടം മണ്ഡലം സെക്രട്ടറി എ. അനിൽകുമാർ കേന്ദ്ര ആഭ്യന്തരമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.