‘ആലപ്പുഴ: സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി 280 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തു മത്സ്യത്തൊഴിലാളി. തൃശൂർ അഴിക്കോട് സ്വദേശി കെ.എച്ച്. നൗഷാദാണ് അഴിക്കോടു നിന്നും സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസുവരെ സൈക്കിളിൽ യാത്ര ചെയ്തത്. മുഖ്യമന്ത്രിയെ കണ്ട് വീടിനായി നിവേദനം കൊടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. സ്വന്തമായി വീടില്ലാത്ത നൗഷാദ് വർഷങ്ങളായി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യ നജുമയും നൈഭിദ(20), നൈറിൻ (അഞ്ച്) എന്നിങ്ങനെ രണ്ടു മക്കളുമടങ്ങുന്നതാണ് നൗഷാദിൻറെ കുടുംബം. മൂൂത്തകുട്ടിക്കു ശേഷം 15 വർഷങ്ങൾക്കു ശേഷം കുടുംബത്തിലേക്കു വന്ന സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല. രണ്ടാമത്തെ കുട്ടി ജനിക്കുന്നത് ഡൗണ് സിൻഡ്രം രോഗവുമായിട്ടായിരുന്നു. ഇത് കുടുംബത്തിൻറെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു. കുട്ടിയുടെ ചികിത്സയ്ക്കും മറ്റുമായി പണച്ചിലവേറിയപ്പോൾ വീടെന്ന സ്വപ്നം മാത്രം ബാക്കിയായി. അറിയപ്പെടുന്നൊരു സൈക്കിൽ അഭ്യാസിയും മെക്കാനിക്കുമാണ് നൗഷാദ്.
ദിലീപ് നായകനായ സിഐഡി മൂസ മുതൽ ചില ചിത്രങ്ങളിൽ നൗഷാദ് ഉൾപ്പെടുന്ന സംഘം നിർമിച്ച സൈക്കിളുകളാണ് ഗാനചിത്രീകരണത്തിനുൾപ്പടെ ചില രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. നൗഷാദ് മുന്പും സൈക്കിൾ യാത്രകൾ നടത്തിയിരുന്നു. പക്ഷെ അതെല്ലാം മറ്റുള്ളവർക്കു വേണ്ടിയിണ്ടായിരുന്നു. വിദേശികളെ ചൂഷണം ചെയ്യുന്നതിനെതിരേ പാറശാല മുതൽ തൃശൂർ തേക്കിൻകാട് മൈതാനം വരെയും, രക്തദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും എയ്ഡ്സ് രോഗബോധവത്കരണവുമായും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും ഇദേഹം സൈക്കിളിൽ യാത്ര ചെയ്തിരുന്നു.
സിഐഡി മൂസ സിനിമയ്ക്കായി നിർമിച്ച പ്രത്യേകതരം സൈക്കിളിൽ കഴിഞ്ഞ രണ്ടിനാണ് തൃശുർ അഴിക്കോടിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു യാത്ര തിരിക്കുന്നത്. അഞ്ചിനു സെക്രട്ടറിയേറ്റിലെത്തി.
പക്ഷെ മുഖ്യമന്ത്രി അമേരിക്കയ്ക്കു ചികിത്സയ്ക്കു പോയിരുന്നതിനാൽ കാണുവാൻ സാധിച്ചില്ല.
തുടർന്ന് ഒന്പതു ദിവസത്തോളം സെക്രട്ടേറിയറ്റിനു മുന്പിൽ സമരം ചെയ്തു. പിന്നീട് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി എം.വി. ജയരാജനെ കാണാൻ സാധിച്ചു. അദ്ദേഹം വീടിനായുള്ള നിവേദനം തൃശൂർ ജില്ലാ കളക്ടർക്കു കൈമാറി. വീടിനു വേണ്ട നടപടികൾ വേഗത്തിലാക്കാൻ കളക്ടർക്കു നിർദേശവും നല്കി.