തൃശൂർ: യുവസംവിധായകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംവിധായകന്റെ വ്യക്തമായ മൊഴി ലഭിക്കാത്തത് പോലീസിന്റെ അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു. ദേഹാസ്വസ്ഥ്യമായതിനാൽ പല നിർണായക ചോദ്യങ്ങൾക്കും മറുപടി പറയാൻ സംവിധായകൻ നിഷാദ് ഹസന് കഴിയുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അതിനാൽ നിഷാദിന്റെ ദേഹാസ്വസ്ഥ്യം മാറും വരെ കാത്തിരിക്കാനാണ് പോലീസിന്റെ തീരുമാനം. അതിനിടെ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും ചിറങ്ങര ഭാഗത്തെ സിസി ടിവി ദൃശ്യങ്ങളിൽനിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ ദുരൂഹതകളുണ്ടെന്ന വ്യാപകമായ അഭ്യൂഹമുയർന്ന പശ്ചാത്തലത്തിൽ അതെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി എന്തെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. അതുകൊണ്ടുതന്നെ സംവിധായകന്റെയും ഭാര്യയുടേയും സുഹൃത്തുക്കളുടേയുമെല്ലാം നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ട്. നിഷാദിനെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത നിഷാദ് വീട്ടിലെത്തി.
തട്ടിക്കൊണ്ടുപോകലിന്റെ തുടക്കം മുതൽ മുഖംമൂടികളാണ് തന്നെ തടഞ്ഞുനിർത്തി കാറിൽ നിന്നുമിറക്കി മർദ്ദിച്ചതും പിന്നീട് കാറിൽ നിന്നിറക്കിയതുമെന്നാണ് നിഷാദ് പറയുന്നത്. തന്നെയും മുഖംമൂടി ധരിപ്പിച്ചാണ് മർദ്ദിച്ചതെന്നും കാറിൽ നിന്നും ഇറക്കിവിട്ടതു പോലും മുഖംമൂടി ധരിച്ചാണെന്നും നിഷാദ് പറയുന്നു. ആരെയും തിരിച്ചറിയാനായില്ലെന്നാണ് നിഷാദിന്റെ മൊഴി. കാറിന്റെ നന്പറോ ദൃശ്യങ്ങളോ കിട്ടാത്തതും പോലീസിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
എന്നാൽ ഏതുവിധേനയെും സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. തട്ടിക്കൊണ്ടുപോകൽ നാടകമാണോ എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്. തന്നെ തട്ടിക്കൊണ്ടുപോയവർ വെള്ളവും ഭക്ഷണവും തന്റെ വായിലേക്ക് കുത്തിത്തിരുകുകയായിരുന്നുവെന്നാണ് നിഷാദ് പറഞ്ഞത്.
നിഷാദിന്റെ എല്ലാ മൊഴികളും പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ദുരൂഹതകളും സംശയങ്ങളും ഏറെയുള്ളതിനാൽ പോലീസ് എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. നിഷാദിന് മർദ്ദനമേറ്റ പാടുകളുണ്ടെങ്കിലും സംഘം ചേർന്ന് മർദ്ദിച്ചതിന്റെ പാടുകളോ ലക്ഷണങ്ങളോ ഇല്ലെന്നാണ് വൈദ്യപരിശോധനയിൽ കണ്ടെത്തിയതെന്ന് സൂചനയുണ്ട്.
ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് പരിശോധന വേണ്ടിവരും. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്നറിയാൻ സിടി സ്കാൻ നടത്തി. ആരോടും പറയാതെയാണ് ഗുരുവായൂർ ക്ഷേത്രദർശന യാത്ര ആസൂത്രണം ചെയ്തതെന്ന് നിഷാദ് പറയുന്നുണ്ട്. തട്ടിക്കൊണ്ടുപോയ കാറിനെക്കുറിച്ച് നിഷാദിന്റെ ഭാര്യയ്ക്കും കൃത്യമായ വിവരം നൽകാൻ കഴിയാത്തത് പോലീസിനെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.