കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ പ്രതിചേർക്കപ്പെട്ട പറമ്പായിയിലെ സലീമിനെ (38) നുണപരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ ഹർജി നല്കി. ഏഴു വർഷത്തോളം നീണ്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസിൽ പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് സിഐ ബി.സുനുകുമാർ ആണ് ഇതിനായി അപേക്ഷ നൽകിയത്. 2012 ഒക്ടോബർ 21 മുതലാണ് നിഷാദിനെ കാണാതായത്. ഒരു ഫോൺ വന്നതിനെ തുടർന്ന് രാത്രി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ നിഷാദിനെ പിന്നീട് കാണാതാവുകയായിരുന്നു. ലോക്കൽ പോലീസ് അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേസിൽ വഴിത്തിരിവായി ബംഗളൂരു സ്ഫോടന കേസിൽ കർണാടക പോലീസിന്റെ അറസ്റ്റിലായ പറമ്പായിയിലെ സലീമിന്റെ നിർണായക വെളിപ്പെടുത്തലുണ്ടായത്.
നിഷാദിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം സലീമിനെ നിഷാദ് തിരോധാന കേസിൽ കസ്റ്റഡിയിൽ വാങ്ങി ദിവസങ്ങളോളം ചോദ്യം ചെയ്യുകയും നിഷാദിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്നു കരുതുന്ന നിഷാദിന്റെ വീടിനു സമീപം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടത്തിയിരുന്നു.
എന്നാൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായിരുന്നില്ല. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ പ്രതിയെ നുണപരിശോധന പരിശോധന നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേ സമയം, കർണാടക പോലീസിന്റെ കസ്റ്റഡിയിലായ സമയം സലീമിന് ക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്നും ഇപ്പോഴും ഇയാൾ ചികിത്സയിലാണെന്നും നുണപരിശോധന ടെസ്റ്റ് നടത്തുന്നതിനെ എതിർത്തു കൊണ്ട് സലീമിന് വേണ്ടി ഹാജരായ അഡ്വ.എ.കെ.സിറാജുദ്ദീൻ കോടതിയിൽ മറുപടി നല്കി. കേസിൽ നാലിന് കോടതി വാദം കേൾക്കും. ബംഗളൂരു സ്ഫോടന കേസിലുമായി സലിം ഇപ്പോൾ ബംഗളൂരു അഗ്രഹാര ജയിലിലാണ് ഉള്ളത്.