കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ പ്രതി ചേർക്കപ്പെട്ട പറമ്പായിയിലെ സലീമിനെ (38) നുണപരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം കോടതിയിൽ നൽകിയ ഹർജി വിധി പറയാനായി 11ലേക്ക് മാറ്റി.ഏഴു വർഷത്തോളം നീണ്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസിൽ പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി തേടി അന്വേഷണ സംഘം കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
കേസിൽ കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.
ക്രൈംബ്രാഞ്ച് സിഐ ബി.സുനുകുമാർ ആണ് ഇതിനായി അപേക്ഷ നൽകിയത്. 2012 ഒക്ടോബർ 21 മുതലാണ് നിഷാദിനെ കാണാതായത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേസിൽ വഴിത്തിരിവായി ബംഗളൂരു സ്ഫോടന കേസിൽ കർണാടക പോലീസിന്റെ അറസ്റ്റിലായ പറമ്പായിയിലെ സലീമിന്റെ നിർണായക വെളിപ്പെടുത്തലുണ്ടായത്. നിഷാദിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു വെളിപ്പെടുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം സലീമിനെ നിഷാദ് തിരോധാന കേസിൽ കസ്റ്റഡിയിൽ വാങ്ങി ദിവസങ്ങളോളം ചോദ്യം ചെയ്യുകയും നിഷാദിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്നു കരുതുന്ന നിഷാദിന്റെ വീടിനു സമീപം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടത്തിയിരുന്നു.
എന്നാൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായിരുന്നില്ല. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ പ്രതിയെ നുണപരിശോധന നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.