കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ നിഷാദ് തിരോധാന കേസിന്റെ അന്വഷണം വഴിതിരിവിൽ എത്താനിരിക്കെ അന്വേഷണ സംഘത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പ്രതിയുടെ നുണ പരിശോധന ഹർജി തള്ളിയത്. 2012 മുതൽ നടന്ന കേസന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പുരോഗതിയിലേക്ക് നീങ്ങിയത്.
എന്നാൽ കേസിലെ പ്രതി സലീമിനെ നുണപരിശോധനക്ക് വിധേയമാക്കാൻ അനുമതി തേടി അന്വേഷണ സംഘം നൽകിയ ഹരജി കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ അനുവാദം വേണമെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യത്തിന് താൻ തയാറല്ലെന്ന സലീമിന്റെ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു കോടതി ഹർജി തള്ളിയത്.
2012 ൽ ആരംഭിച്ചതാണ് നിഷാദിന്റെ തിരോധാന കേസന്വേഷണം.2018 ഡിസംബറിൽ ബംഗളുരു സ്ഫോടന കേസിൽ പറമ്പായിയിലെ പി.എ. സലീം ബംഗളുരു പോലീസിന്റെ അറസ്റ്റിലായപ്പോൾ ഇയാൾ നടത്തിയെന്ന് പറയുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിഷാദ് തിരോധാന കേസിന് വീണ്ടും ജീവൻ വെച്ചത്.
നിഷാദിനെ കൊലപ്പെടുത്തിയതാണെന്ന് സലീം ബംഗളുരു പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നായിരുന്നു ബംഗളുരു പോലീസ് നിഷാദ് കേസന്വേഷണ സംഘത്തെ അറിയിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം സലീമിനെ പ്രതിചേർത്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും നിഷാദിന്റെ മൃതദേഹം കുഴിച്ചിട്ടുണ്ടെന്നു കരുതുന്ന നിഷാദിന്റെ വീടിന്റെ പരിസരം ദിവസങ്ങളോളം മണ്ണു നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതേ തുടർന്ന് അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ് സലീമിനെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ബംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത സമയം തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും അതിന്റെ അവശത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും നിഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട് യാതൊരു മൊഴിയും താൻ നൽകിയില്ലെന്നുമാണ് സലീം കോടതിയിൽ നൽകിയ സത്യവാങ്ങ്മൂല രേഖയിൽ പറയുന്നത്.
2012ലായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ നിഷാദിനെ കാണാതായത് .അതേ സമയം,നിഷാദിന്റെ തിരോധാന കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.ഇത് ഏറ്റെടുത്ത് നടത്താനുള്ള പ്രാരംഭ നടപടികൾ അഭിഭാഷക പരിഷത്തും തുടങ്ങിയിട്ടുണ്ട്.