കൂത്തുപറമ്പ്: ബംഗളുരു സ്ഫോടന കേസിലെ പ്രതി പറമ്പായിയിലെ പി.എ.സലീമിനെ പറമ്പായിയിലെ നിഷാദിന്റെ തിരോധാന കേസിൽ കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന പോലീസിന്റെ തെളിവെടുപ്പ് നടപടികൾ കേസിൽ നിർണായക തെളിവാകും.
ബംഗളുരു സ്ഫോടന കേസിൽ ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സലീമിനെ (41) കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട് ഉത്തരവിനെ തുടർന്നാണ് നിഷാദ് തിരോധാന കേസിൽ സലീമിനെ ഇന്നലെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയത്.
നിഷാദിന്റെ തിരോധാന കേസ് അന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ച് സിഐ സനൽ ആണ് സലീമിനെ ഈ കേസിൽ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അപേക്ഷ നല്കിയത്. പതിനാല് ദിവസമാണ് ഇതിനായി പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഇന്നലെ മുതൽ പത്ത് ദിവസത്തേക്കാണ് സലീമിനെ കസ്റ്റഡിയിൽ വിട്ടത്.
ബംഗളുരു സ്ഫോടന കേസിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സലീമിനെ പറമ്പായിൽ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനിടെ നിഷാദ് തിരോധാന കേസ് സംബന്ധിച്ച് സലീം നിർണായക വെളിപ്പെടുത്തൽ നടത്തിയെന്നാണ് പോലീസ് സ്ഥിരീകരണം.
25 ലക്ഷം രൂപ ക്വട്ടേഷൻ വാങ്ങി നിഷാദിനെ കൊലപ്പെടുത്തിയെന്നാണ് സലീം കുറ്റസമ്മതം നടത്തിയെന്നാണ് ബംഗളൂരു പോലീസ് നിഷാദിന്റെ കേസന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ബംഗളുരുവിൽ പോയി ഇത് സംബന്ധിച്ച തെളിവുകളും ശേഖരിച്ചിരുന്നു.ഇതിന്റെ തുടർ നടപടിയെന്ന നിലയിലാണ് കേസിൽ ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാനായി സലീമിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
അതേ സമയം, ബംഗളൂരു സ്ഫോടന കേസിൽ അറസ്റ്റിലായ സമയം പോലീസ് സംഘം തന്നെ മർദ്ദിച്ചിരുന്നതായും സലീം ഇന്നലെ കോടതിയിൽ പരാതിപ്പെട്ടു.നിഷാദിന്റെ കേസിൽ കുറ്റസമ്മതം നടത്താൻ സലീമിന് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദവും ഉപദ്രവവും ഉണ്ടായിരുന്നുവെന്നും പ്രതി പറയുന്ന കാര്യങ്ങൾ അനുസരിച്ചാണ് ഈ കേസിലെ അന്വേഷണമെങ്കിൽ അത് സ്വതന്ത്രമായ അന്വേഷണമാകില്ലെന്നും സലീമിന് വേണ്ടി കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ അഡ്വ.ബി.എ.ആളൂർ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
നിഷാദിന്റെ തിരോധാന കേസ് കൊലപാതക സംഭവമാണെന്ന് കോടതിയിൽ സമർത്ഥിക്കണമെങ്കിൽ കസ്റ്റഡിയിലുള്ള പ്രതിയുമായി നിരവധി തെളിവുകൾ പോലീസിന് ശേഖരിക്കേണ്ടതുണ്ട്.കൊല്ലപ്പെട്ടയാളുടെ മൃതദേഹം സംബന്ധിച്ച കാര്യങ്ങൾ, ഇതിനായി ആയുധങ്ങൾ വല്ലതും ഉപയോഗിച്ചിട്ടുണ്ടോ, കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് പോലീസ് വരും നാളുകളിൽ ഉത്തരം കണ്ടെത്തേണ്ടി വരും. ഇന്നലെ വൈകുന്നേരത്തോടെ സലീമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.